ബിയർ കുപ്പി പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാകേസ് പ്രതി, വെടിവച്ച് വീഴ്ത്തി

0
72

മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ആക്രമ ശ്രമം. മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസുകാരെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത്. ഉടൻ പ്രതിരോധിച്ച പൊലീസുദ്യോഗസ്ഥർ പ്രതിയുടെ കാലിന് വെടിവച്ച് വീഴ്ത്തി. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൻ മണിയെയും പരിക്കേറ്റ പൊലീസുദ്യോഗസ്ഥരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 15-നാണ് മുംബൈയിൽ നിന്ന് തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ എന്ന ഒന്നാം പ്രതിയും മുംബൈയിൽ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണൻ മണിയും ചേർന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്.

ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക തുമ്പായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പൊലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ കിട്ടി. പിന്നീട് മുരുഗാണ്ടി തേവരെന്നയാൾ ഇവരെ കാണാൻ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ തിരുനെൽവേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പൊലീസെത്തിയതും പ്രതികൾ പിടിയിലായതും. മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് വ്യക്തമായിട്ടുണ്ട്. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here