കാസർകോട് : പൈവളിഗെ ബായാർപദവിലെ ടിപ്പർ ഡ്രൈവർ ആസിഫിന്റെ ദുരൂഹമരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ആസിഫിന്റെ മാതാവ് നിവേദനം നൽകിയിരുന്നു.
തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നിർത്തിയിട്ട ലോറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആസിഫിനെ കണ്ടെത്തിയത്. ബലപ്രയോഗം നടന്നതായ സംശയം അന്നുതന്നെ ഉയർന്നിരുന്നു. ചോരപ്പാടുകളും കണ്ടിരുന്നു. ഇടുപ്പെല്ല് തകർന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇടുപ്പെല്ല് പൊട്ടണമെങ്കിൽ വീഴ്ച സംഭവിക്കണം. അല്ലെങ്കിൽ സംഘം ചേർന്ന് മർദിക്കണം. ഇതോടെയാണ് ആസിഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്.
ബുധനാഴ്ച പുലർച്ചെ ഒന്നോടെ ആസിഫ് വീട്ടുകാരുമായി പിണങ്ങി ടിപ്പറുമായി വീട്ടിൽനിന്ന് പുറപ്പെട്ടിരുന്നു. അതിനുശേഷമാണ് ഇയാളെ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മഞ്ചേശ്വരം പോലീസാണ് ഇതുവരെ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം സി.പി.എം. മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയും ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.