തിരുവനന്തപുരം: വി.ഐ.പി സഞ്ചാരത്തിനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്‌ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക് ഇതുവരെ വാടകയിനത്തിൽ സംസ്ഥാന സർക്കാർ നൽകിയത് 33.23കോടി. പവൻ ഹാൻസിന്റെ ആദ്യകോപ്ടറിന് കുടിശികയുണ്ടായിരുന്ന 83.8ലക്ഷം ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി വ്യാഴാഴ്ച അനുവദിച്ചത് ഉൾപ്പെടെയാണിത്.
ചിപ്സൺ ഏവിയേഷന്റെ പുതിയ കോപ്ടറിന് 5കോടിയോളം വാടകകുടിശികയുണ്ട്. 80 ലക്ഷം മാസവാടക നൽകേണ്ട കോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ വിശ്രമിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ-നാവികസേനകൾ കോപ്ടർ അയയ്ക്കുമെന്നിരിക്കെയാണ് ഈ വാടകധൂർത്ത്.11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക. ചാലക്കുടിയിലെ ഹാംഗർ യൂണിറ്റിൽ പാർക്കുചെയ്യുന്ന കോപ്ടർ ആവശ്യമുള്ളപ്പോൾ തലസ്ഥാനത്തേക്ക് പറന്നെത്തും. അപൂർവമായാണ് മുഖ്യമന്ത്രി ഇതിൽ പറക്കാറുള്ളത്. ഗവർണറും മന്ത്രിമാരും ഡി.ജി.പിയും ചീഫ്സെക്രട്ടറിയുമൊന്നും കോപ്ടർ ഉപയോഗിക്കാറില്ല. മാവോയിസ്റ്റുകളെ തെരയാനായി ഇടയ്ക്കിടെ കോഴിക്കോട്ടെത്തിക്കും. 80ലക്ഷം രൂപയ്ക്ക് 25മണിക്കൂറേ പറക്കൂ. അധികമുള്ള മണിക്കൂറൊന്നിന് 90,000രൂപവീതം നൽകണം. 3വർഷത്തേക്കുള്ള കരാർ പ്രകാരം 28.80കോടിയാണ് നൽകേണ്ടത്. ആദ്യമെടുത്ത പവൻഹാൻസിന്റെ കോപ്ടറിന് 1.71കോടിയായിരുന്നു മാസവാടക. 22.15കോടിയാണ് ചെലവിട്ടത്.2023സെപ്തംബർ മുതലാണ് ചിപ്സണിന്റെ കോപ്ടർ ഉപയോഗിച്ചുതുടങ്ങിയത്. ഇസഡ്-പ്ലസ് സുരക്ഷയുള്ളതിനാൽ മുഖ്യമന്ത്രി എത്രതവണ കോപ്ടറിൽ യാത്രചെയ്തതെന്നതടക്കം വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിയമസഭയെ അറിയിച്ചത്. വയനാട്ടിലെ കാലവർഷക്കെടുതിയിൽ രക്ഷാപ്രവർത്തകരുമായി കോപ്ടർ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പറന്നിരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായും എയർ ആംബുലൻസായും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മേപ്പാടി ഉരുൾപൊട്ടൽ സമയത്ത് കോപ്ടർ ഉപയോഗിച്ചില്ല.
വാടകകോപ്ടറിന്റെ കഥ
1. പൊലീസിന്റെ നിരന്തര ആവശ്യപ്രകാരമാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട്, ബഡ്ജറ്റ്‌വിഹിതം, അധികഗ്രാന്റ് എന്നിവയിൽനിന്നാണ് വാടകനൽകുന്നത്.2. വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയ്ക്ക് കോപ്ടർ വേണമെന്ന് പൊലീസ്.3. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനുമുപയോഗിച്ചെങ്കിലും ഫലംകണ്ടില്ല. മാവോയിസ്റ്റ് നിരീക്ഷണത്തിന് പോയപ്പോൾ കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞത്രെ.
4. രാത്രിയിലടക്കം പ്രതികൂല കാലാവസ്ഥയിൽ പറക്കാമെന്നാണ് കമ്പനിയുടെ വാദം. പക്ഷേ, രാത്രിയിലോ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ല. രക്ഷാദൗത്യങ്ങൾക്കും ഉപയോഗിക്കാനാവില്ല.
വില 60കോടി!
കോപ്ടർ വാങ്ങാൻ 60-100കോടിയാണ് ചെലവ്. ഇപ്പോഴത്തെ കോപ്ടറിന്റെ കരാർ തീരുമ്പോഴേക്കും വാടകയിനത്തിൽ 62കോടിയോളം നൽകിയിരിക്കും.