മഞ്ചേശ്വരം : മഞ്ചേശ്വരം പൈവളിഗെ കയർകട്ടയിൽ റോഡരികിൽ അവശനിലയിൽ കണ്ട ടിപ്പർ ലോറി ഡ്രൈവറായ മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാവ് ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പൈവളിഗെ ബായാർപദവിലെ അബ്ദുള്ള-സെക്കിന ദമ്പതികളുടെ മകൻ മുഹമ്മദ് ആസിഫിനെ (29) ബുധനാഴ്ച പുലർച്ചെ റോഡരികിൽ നിർത്തിയിട്ട ടിപ്പർ ലോറിക്കടുത്ത് അവശനിലയിൽ കണ്ടെത്തിയിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ആസ്‌പത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇടുപ്പെല്ല് തകർന്നതായി കണ്ടെത്തിയിരുന്നു.
ഇതാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ പ്രാദേശിക സി.പി.എം നേതാക്കൾക്കൊപ്പം എത്തിയാണ് മാതാവ് സെക്കീന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതിനൽകിയത്.