2 വർഷത്തിനിടെ കാസർകോട് ജില്ലയിൽ പിടിയിലായത് 682 ‘കുട്ടിഡ്രൈവർമാർ’

0
21

കാസർകോട് ∙ വീട്ടിലെ വണ്ടിയെടുത്ത് റോഡിലേക്കിറങ്ങുന്ന കുട്ടി‍ഡ്രൈവർമാർ ജാഗ്രതൈ. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ജില്ലയിൽ പൊലീസ് പൊക്കിയത് പ്രായപൂർത്തിയാകാത്ത 682 ഡ്രൈവർമാരെ. മോട്ടർ വാഹന വകുപ്പ് എടുത്ത കേസുകളുടെ എണ്ണം ഇതിലേറെയുണ്ട്. വാഹനത്തിന്റെ ഉടമകളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അതിൽ അമ്മമാരും ബന്ധുക്കളും ഉൾപ്പെടും. സംഭവങ്ങളിൽ അന്വേഷണം പൂർത്തിയായ ശേഷം ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. പിടിക്കപ്പെട്ടവർ ഉപയോഗിക്കുന്നതിൽ ഏറെയും വീട്ടിലെ സ്കൂട്ടറുകളാണ്. ജില്ലയിലെ പലയിടങ്ങളിലും നടക്കുന്ന വാഹനപകടങ്ങളിൽ കുട്ടി ഡ്രൈവർമാർ ഏറെയുണ്ട്. എന്നാൽ കേസുകൾ റജിസ്റ്റർ ചെയ്യാതെ മുന്നോട്ടു പോവുകയാണ് പതിവ്. പ്രായപൂർത്തിയാകാത്തവർ പൊതുനിരത്തിൽ വാഹനമോടിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.

മൂന്നു മാസം തടവും; 25,000 രൂപ പിഴയും
രണ്ട് വർഷത്തിനുള്ളിൽ ജില്ലയിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത് മഞ്ചേശ്വരത്താണ്. 157 കേസുകളാണു ഇവിടെയുള്ളത്. ചന്തേരയിൽ 111 കേസുകളും. ട്രാഫിക് പൊലീസ് ഒന്നും വെള്ളരിക്കുണ്ട് ,അമ്പത്തറ എന്നിവിടങ്ങളിൽ 5 വീതവും ചിറ്റാരിക്കാലിൽ ആറും കേസുകളാണ് ഇക്കാലയളവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് മാസം വരെ തടവും അല്ലെങ്കിൽ 25,000 രൂപയുമാണ് പിഴയുമാണ് ശിക്ഷ. നിയമത്തെക്കുറിച്ചും ശിക്ഷാ നടപടിയെക്കുറിച്ചും അറിവുണ്ടെങ്കിലും ശരിയായ പരിശീലനമോ അനുഭവപരിചയമോ ഇല്ലാതെ ഒട്ടേറെ കുട്ടി ഡ്രൈവർമാരാണ് വാഹനമോടിക്കുന്നത്. മറ്റ് വാഹന യാത്രക്കാർ, കാൽനടയാത്രക്കാർ തുടങ്ങിയവർക്കും ബുദ്ധിമുട്ടാകുന്നത് സംബന്ധിച്ചും പൊലീസിൽ പരാതികൾ ലഭിക്കുന്നുണ്ട്.

പ്രതികളിലേറെയും മാതാപിതാക്കൾ
കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചതിനു 2 വർഷത്തിനുള്ളിൽ കേസെടുത്ത 682 പേരിൽ 125 പേർ സ്ത്രീകളാണ്. 557 പുരുഷന്മാരുണ്ട്. കേസെടുത്തിട്ടുള്ളത് ഏറെയും മാതാപിതാക്കൾക്കെതിരെയാണ്. ആർസി ഉടമകൾക്കെതിരെയാണ് കേസെടുക്കുന്നത്.

കൂടുതലും ഇരുചക്ര വാഹനങ്ങൾ
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചതിനു കേസെടുത്തതിൽ ജില്ലയിൽ 50 എണ്ണം കാറുകളും മറ്റു വാഹനങ്ങളും ഓടിച്ചവരാണെന്നു പൊലീസ് രേഖയിൽ വ്യക്തമാകുന്നു. ഇരുചക്രവാഹനങ്ങൾ ഓടിച്ചത് 632 പേരാണ്. അടുത്തിടെ കുമ്പളയിൽ നടന്ന വാഹനാപകടത്തിൽ 4 വിദ്യാർഥികൾക്കു പരുക്കേറ്റിരുന്നു. ഈ വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയാണ്.

2023 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്ത കേസുകൾ
∙ മഞ്ചേശ്വരം –157
∙ ചന്തേര–111
∙ വിദ്യാനഗർ 75
∙ ബേക്കൽ –73
∙ മേൽപറമ്പ 50
∙ ബദിയടുക്ക–35
∙ കാസർകോട്–32
∙ ഹൊസ്ദുർഗ് 31
∙ ആദൂർ –29
∙ കുമ്പള–26
∙ രാജപുരം–14
∙ വനിത–10
∙ ബേഡകം 8
∙ നീലേശ്വരം–7
∙ ചീമേനി–7
∙ ചിറ്റാരിക്കാൽ–6
∙ അമ്പലത്തറ–5
∙ വെള്ളരിക്കുണ്ട്–5
∙ ട്രാഫിക്–1

“കുട്ടികൾക്കു വാഹനം ഓടിക്കാൻ നൽകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ വാഹന പരിശോധന നടത്തുന്നുണ്ട്. ഓടിക്കാൻ കൊടുത്ത വാഹനത്തിന്റെ ആർസി ഉടമയ്ക്കെതിരെയാണ് നിലവിൽ കേസ് എടുക്കുന്നത്. ഇതിനു പുറമേ കുട്ടികൾക്കു ജില്ലാ പൊലീസ് ആസ്ഥാനത്ത് ബോധവൽക്കരണവും നൽകുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്ലാസ് എടുക്കുന്നുണ്ട്.”

ഡി.ശിൽപ, ജില്ലാ പൊലീസ് മേധാവി, കാസർകോട്

“പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതിനെതിരെ മോട്ടർ വാഹന വകുപ്പും പൊലീസും ശക്തമായ പരിശോധന നടത്തുന്നു. കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ ഇൻഷുറൻസ് പോലും കിട്ടില്ല. കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ കോടതിയിലേക്ക് റിപ്പോർട്ട് നൽകും. കോടതി 25,000 രൂപ രക്ഷിതാക്കളിൽ നിന്നു പിഴ ഈടാക്കുന്നതിനു പുറമേ വാഹനം ഓടിച്ചവർക്ക് 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് കിട്ടുന്നതിനു തടസ്സമാവുകയും ചെയ്യും. പ്രായപൂർത്തിയാകാത്തവർക്കു വാഹനം ഓടിക്കാൻ നൽകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.”

ജി.എസ്.സജിപ്രസാദ്, ആർടിഒ കാസർകോട്

“കുട്ടികൾ വാഹനവുമായി പോകുന്ന പ്രവണത വർധിക്കുകയാണ്. ഇതിനെതിരെ സ്കൂൾ തലത്തിൽ പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ ബോധവൽക്കരണം നടത്തും. വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാൻ സ്കൂൾ പ്രധാനാധ്യാപകരോടു നിർദേശിക്കും. ഇതിനായി എസ്പിസി, സകൗഡ് ആൻഡ് ഗൈഡ്, മറ്റു സംഘടനകളുടെ സഹായവും തേടും.”

ടി.വി.മധുസൂദനൻ, ഡിഡിഇ, കാസർകോട്

LEAVE A REPLY

Please enter your comment!
Please enter your name here