പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

0
20

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ ഇരട്ടക്കൊലക്കേസിൽ നിയമപോരാത്തതിന് പണപ്പിരിവ്. ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ അംഗങ്ങളിൽ നിന്ന് 2 കോടി സമാഹരിക്കാനാണ് സിപിഎം ലക്ഷ്യം. കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്.

നിയമ പോരാട്ടത്തിനായി ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് പാർട്ടി ഉത്തരവ്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം. രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സ്പെഷൽ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്.

കേസിൽ സിബിഐ കോടതി ഇക്കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്. 10 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. അതേസമയം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചിരുന്നു.

അതിനിടെ കോടതി ശിക്ഷിച്ച മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങിയ നേതാക്കൾക്ക് സിപിഎം പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. ഹൈക്കോടതി ശിക്ഷ തടഞ്ഞതോടെയായിരുന്നു നടപടി. കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവരാണ് പ്രതികളെ സ്വീകരിക്കാനായി ജയിലിൽ എത്തിയത്. കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here