ന്യൂഡല്‍ഹി: 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 25-നായിരിക്കും അവസാനമത്സരം. വനിതാ പ്രീമിയര്‍ ലീഗിന്റെ മത്സരത്തീയതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറിയേയും ട്രഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എല്‍. മത്സരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. നേരത്തെ, ഈ വര്‍ഷത്തെ ഐ.പി.എല്‍. മാര്‍ച്ച് 23-ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. തീയതി തിരുത്തിക്കൊണ്ടുള്ള അറിയിപ്പ് രാജീവ് ശുക്ല തന്നെ നല്‍കിയത്. ഒരു വര്‍ഷത്തേക്ക് പുതിയ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ജനുവരി 18,19 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ബി.സി.സി.ഐ. യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. ഐ.പി.എല്‍. 2025 മെഗാ ലേലത്തില്‍ 639.15 കോടി മുതല്‍മുടക്കില്‍ 182 കളിക്കാരുടെ ലേലമാണ് നടന്നത്.