രാത്രി അധികം ‘തണുക്കേണ്ട’! ‘ചൂടുള്ള’ ബിൽ വരും; ടി.ഒ.ഡി. നിരക്ക് KSEB നടപ്പാക്കിത്തുടങ്ങി

0
9

കണ്ണൂർ: രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് വൈദ്യുതിവകുപ്പ് നടപ്പാക്കിത്തുടങ്ങി. ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെ മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ജനുവരി ഒന്നുമുതൽ ടി.ഒ.ഡി. നിരക്ക് ബാധകമാകുന്നത്. കേരളത്തിൽ ഈ വിഭാഗത്തിൽ ഏഴുലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.

നിരക്കുകൂട്ടി രാത്രി ലോഡ് കുറയ്ക്കാനാണ് വൈദ്യുതിവകുപ്പിന്റെ ശ്രമം. ഫ്രിഡ്ജ്, അലക്കുയന്ത്രം ഉൾപ്പെടെ അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ രാത്രി ഉപയോഗിക്കാതെ പകൽസമയത്തേക്ക് മാറ്റുക എന്നതാണ് നിർദേശം. ഇലക്‌ട്രിക്കൽ വെഹിക്കിൾ (ഇ.വി.) ചാർജിങ് പകൽനേരമാക്കുക. അല്ലെങ്കിൽ രാത്രി 10 മണിക്കുശേഷം ചാർജിങ്ങിനുവെക്കുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതുണ്ട്. പകൽ സോളാർ വൈദ്യുതി ഉൾപ്പെടെ കേരളത്തിലുണ്ട്. ഇവ പരമാവധി ഉപയോഗിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ നിലവിൽ 40,000-ത്തോളം മീറ്ററുകളിൽ ടി.ഒ.ഡി. സംവിധാനം ഘടിപ്പിക്കാൻ ബാക്കിയുണ്ട്. ഇവ മാർച്ചിനകം സ്ഥാപിച്ച് ഏപ്രിൽ ഒന്നുതൊട്ട് പൂർണമായും ഈ താരിഫിലേക്ക് മാറ്റും. നിലവിൽ ഉയർന്ന വൈദ്യുതി ഉപയോഗസ്ലാബുകളിൽ ടി.ഒ.ഡി. താരിഫ് കെ.എസ്.ഇ.ബി. നടപ്പാക്കുന്നുണ്ട്.

‘പീക്ക് സമയ’ങ്ങൾ മാറി

വൈദ്യുതി ഉപയോഗിക്കുന്ന ‘പീക്ക് സമയ’ങ്ങൾ മാറിയപ്പോഴാണ് വൈദ്യുതിവകുപ്പ് ടി.ഒ.ഡി. താരിഫ് സമയവും മാറ്റിയത്. നേരത്തേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഉപയോഗിക്കുന്നവർക്ക് സാധാരണ നിരക്കായിരുന്നു. രാത്രി 10 മുതൽ രാവിലെ ആറുവരെ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം നിരക്ക് ഇളവും നൽകി. എന്നാൽ, വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നത് രാത്രിയാണെന്ന ലോഡ് കണക്കുപ്രകാരം ആ ഇളവ് ഇപ്പോൾ നഷ്ടപ്പെട്ടു. ഈ സമയം (രാത്രി 10-രാവിലെ ആറ്) ഇപ്പോൾ സാധാരണനിരക്ക് നൽകണം.

ശ്രദ്ധിക്കേണ്ട സമയം

*രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ 10 ശതമാനം നിരക്ക് കുറവ് (90 ശതമാനം ഈടാക്കും)

*രാത്രി ആറുമുതൽ രാത്രി 10 വരെ 25 ശതമാനം അധികംനിരക്ക് (125 ശതമാനം)

*രാത്രി 10 മുതൽ രാവിലെ ആറുവരെ വർധനയില്ല, സാധാരണനിരക്ക് (100 ശതമാനം)

LEAVE A REPLY

Please enter your comment!
Please enter your name here