മുംബൈ: സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടുപിടിച്ചു. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചതെന്ന് നേതൃത്വംനൽകിയ വിരൻ മെനസസ് പറയുന്നു.
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ബോൾ പോയിന്റ് പേനയെക്കാൾ അല്പംകൂടി നീളംകൂടിയ സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്.
ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്നരീതി എന്നിവ എലികളിൽ പരീക്ഷിച്ചപ്പോൾ വിജയമാണ്. മനുഷ്യരിൽ പരീക്ഷിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം.