ചാംപ്യൻസ് ട്രോഫി ഫിക്സ്ചർ പുറത്ത് വിട്ട് ICC; ഇന്ത്യ- പാക് മത്സരം 2025 ഫെബ്രുവരി 23 ന്, വേദി ദുബായ്

0
9

ചാംപ്യന്‍സ് ട്രോഫി ഫിക്സ്ചർ ഔദ്യോ​ഗികമായി പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ – പാകിസ്ഥാന്‍ മത്സരമുണ്ടാവുക. മാർച്ച് രണ്ടിന് ന്യൂസിലന്‍ഡിനേയും ഇന്ത്യ നേരിടും. ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷവേദിയായ ദുബായില്‍ ആയിരിക്കും നടക്കുക.

ഫെബ്രുവരി 19ന് പാകിസ്ഥാന്‍ – ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കൊപ്പം ഒരു സെമി ഫൈനലും ദുബായില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലന്‍ഡും ബംഗ്ലാദേശുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പിലെ മറ്റു ടീമുകളായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും 22ന് നേര്‍ക്കുനേര്‍ വരും. രണ്ടാം സെമിഫൈനലും ഫൈനലും ലാഹോറില്‍ നടക്കും. എന്നാല്‍ ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയാല്‍, ഫൈനല്‍ മാര്‍ച്ച് 9ന് ദുബായില്‍ നടക്കും. ഫൈനല്‍ ഉള്‍പ്പെടെ ഓരോ നോക്കൗട്ട് ഗെയിമുകള്‍ക്കും റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിലും പാകിസ്ഥാനിലും നടക്കാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ഒരുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഐസിസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തേ പാകിസ്താനാണ് ടൂര്‍ണമെന്റിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാകിസ്താനിലേയ്ക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനാല്‍ ചാമ്പ്യൻസ് ട്രോഫി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (ബിസിസിഐ) പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായും (പിസിബി) ഐസിസി ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യം പിസിബി തുടക്കത്തിൽ എതിര്‍ത്തിരുന്നു. ഒടുവിൽ ഏറെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ഇരുബോർഡുകളും നിലവിലെ രൂപത്തിൽ ടൂർണമെന്റ് നടത്താമെന്ന രീതിയിലേക്ക് ഇരു ബോർഡുകളും തീരുമാനിച്ചത്.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാൻ തയ്യാറായിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here