മംഗൽപ്പാടി : ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ ബന്തിയോട് വി.ഒ.പി. (വെഹിക്കിൾ ഓവർ പാസ്) വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. ദേശീയപാത സർവീസ് റോഡിൽ ആരിക്കാടിമുതൽ നയാബസാർവരെയുണ്ടാകുന്ന തുടർച്ചയായ ഗതാഗതക്കുരുക്ക് പരിഗണിച്ചാണിത്. മണിക്കൂറുകളോളം സർവീസ് റോഡിൽ ഗതാഗതതടസ്സമുണ്ടാകുന്നത് ഒരു പരിധിവരെ ഇതോടെ ഒഴിഞ്ഞുകിട്ടും.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ബന്തിയോട് വി.ഒ.പി. നിർമാണം അന്തിമഘട്ടത്തിലാണ്. നിർമാണം പൂർത്തീകരിക്കുന്നതിന് മുൻപാണ് തുറന്നുകൊടുത്തിട്ടുള്ളത്. ഇതിന്റെ പാർശ്വഭിത്തി നിർമാണമടക്കം ദ്രുതഗതിയിൽ പുരോഗമിച്ചുവരുന്നു. വി.ഒ.പി.യുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വശം മാത്രമാണ് നിലവിൽ തുറന്നുകൊടുത്തിട്ടുള്ളത്.
മുന്നൂറ് മീറ്റർ നീളത്തിലാണ് ഓവർ പാസിന്റെ നിർമാണം. ജില്ലയിലെ ദേശീയപാത നിർമാണത്തിൽ രണ്ട് വി.ഒ.പി.കളും നിർമിക്കുന്നത് തലപ്പാടി-ചെങ്കള റീച്ചിലാണ്. ഒൻപത് കിലോമീറ്ററിനിടയിൽ രണ്ട് വി.ഒ.പി.കൾ നിർമിക്കുന്നുവെന്നതും പ്രത്യേകതയാണ്.
ദേശീയപാതയിൽ പ്രവേശിക്കാതെ വാഹനങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിൽനിന്നും കിഴക്ക് പെർമുദെ-ധർമത്തടുക്ക ഭാഗത്തേക്ക് കടന്നുപോകാൻ ഇതോടെ കഴിയും. ആദ്യഘട്ടത്തിൽ വി.ഒ.പി. നിർമാണം പരിഗണനയിൽ ഉണ്ടായിരുന്നില്ല. പിന്നീട് നടന്ന സർവേയുടെ അടിസ്ഥാനത്തിൽ അധികൃതർ വി.ഒ.പി. അനുവദിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഏറെ ആശങ്ക നിലനിന്നിരുന്നയിടമായിരുന്നിത്. ധർമത്തടുക്ക ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടായിരുന്നു. നിലവിൽ ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാവുകയാണ് വി.ഒ.പി.യുടെ നിർമാണം.
രണ്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. ദേശീയപാതയിൽ കുമ്പളയ്ക്കും ഉപ്പളയ്ക്കുമിടയിൽ വളർന്നുകൊണ്ടിരിക്കുന്ന വാണിജ്യകേന്ദ്രം കൂടിയാണ് ബന്തിയോട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും ഇവിടെ പ്രവർത്തിക്കുന്നു.