ന്യൂഡല്‍ഹി: പോപ്‌കോണിന് ജി.എസ്.ടി. വര്‍ധിപ്പിച്ചത് വ്യാപക ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികവുമെന്നതിനാല്‍, നികുതി വര്‍ധന വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്ന് തരത്തിലുള്ള നികുതി ഘടനയാണ് പോപ്‌കോണിന് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം.
ഉപ്പും മസാലയും ചേര്‍ത്ത, പാക്കുചെയ്യാത്ത പോപ്‌കോണിന് അഞ്ച് ശതമാനവും മുന്‍കൂട്ടി പാക്കുചെയ്ത പോപ്‌കോണിന് 12 ശതമാനവും കാരാമല്‍ പോപ്‌കോണിന് 18 ശതമാനവുമാണ് ജി.എസ്.ടി. വര്‍ധന. കാരമല്‍ പോപ്‌കോണ്‍ മധുരമുള്ളതായതിനാല്‍ ഇത് പഞ്ചസാര മിഠായി ഗണത്തിലാണ് ഉള്‍പ്പെടുത്തുക. അതിനാലാണ് മറ്റു രണ്ടിനെക്കാള്‍ ജി.എസ്.ടി. കൂടുന്നതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
പോപ്‌കോണിന്റെ നികുതി ഘടന പരിഷ്‌കരിക്കാനുള്ള നിര്‍ദേശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്. വിവിധ പോപ്‌കോണുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ട്രോളുകള്‍. പോപ്‌കോണ്‍ ആഡംബര ഭക്ഷ്യവസ്തുവായെന്നടക്കം പോസ്റ്റുകളുണ്ട്. തിയേറ്ററില്‍ പോപ്‌കോണിനകത്ത് പഞ്ചസാര കടത്തിയതിന് യുവാവിനെ അറസ്റ്റു ചെയ്തു എന്നും ഒരു പോസ്റ്റ്.