ന്യൂഡൽഹി: യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാർ കമ്പനികൾ നിന്ന് വാഹനങ്ങൾ വാങ്ങിയാലാകും ജിഎസ്ടി ബാധകമാകുക.. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ജിഎസ്ടി നിരക്ക് വർധന ബാധകമായിരിക്കും. രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ചേര്‍ന്ന ജിസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
കര്‍ഷകര്‍ വില്‍ക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും ജിഎസ്ടി ഒഴിവാക്കി. ജീന്‍ തെറാപ്പിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കര്‍ഷകര്‍ നേരിട്ട് ചെറുകിട വില്‍പ്പന നടത്തിയാല്‍ ജിഎസ്ടി ഉണ്ടാകില്ല.
വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകള്‍ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ല. ഓണ്‍ലൈന്‍ സേവനം നല്‍കുമ്പോള്‍ ഏത് സംസ്ഥാനത്തിനാണ് സേവനം എന്നത് ബില്ലില്‍ രേഖപ്പെടുത്തണം എന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. അതിനിടെ കാരമല്‍ പോപ്‌കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയര്‍ത്തി. പഞ്ചസാര ചേര്‍ത്ത ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന നിരക്കുണ്ടെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. അതേസമയം, ഇന്‍ഷുറന്‍സ് പോളിസികളുടെ ജിഎസ്ടി ഒഴിവാക്കുന്ന കാര്യത്തില്‍ ജിഎസ്ടി യോഗത്തില്‍ തീരുമാനമായില്ല