കണ്ണൂർ: സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കാനുള്ള ജി.പി.എസ്., ക്യാമറാധിഷ്ഠിത സംവിധാനം കേരളത്തിലെ ദേശീയപാത 66-ലും വരും. ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള ’വഴി’കളുടെ എണ്ണം വർധിപ്പിച്ചാലും സർക്കാരിന് വരുമാനനഷ്ടമുണ്ടാകില്ല. ടോൾ നൽകാതെ സഞ്ചരിക്കാനാകില്ല. എന്നാൽ വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാകും. ടോൾ നൽകാൻ വണ്ടി എവിടെയും നിർത്തേണ്ടതില്ല എന്നതാണ് ജി.പി.എസ്., ക്യാമറ സാങ്കതികത്വത്തിന്റെ മേന്മ.
ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്.) വഴി വാഹനങ്ങളിലുള്ള ഓൺ ബോർഡ് യൂണിറ്റ് അല്ലെങ്കിൽ ട്രാക്കിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ജി.പി.എസ്. ട്രാക്കർ വഴി വാഹനങ്ങളുടെ ലൊക്കേഷൻ കണ്ടുപിടിക്കും. യാത്രചെയ്യുന്ന കിലോമീറ്റർ സാറ്റലൈറ്റ് വഴി അളന്ന് ടോൾത്തുക അക്കൗണ്ടിൽനിന്ന് ഈടാക്കും. കൃത്യമായ സിഗ്നൽ ലഭിക്കാൻ ജി.പി.എസ്. എയ്ഡഡ് ജി.ഇ.ഒ. ഓഗുമെന്റ്ഡ് നാവിഗേഷൻ (ഗഗൻ) സംവിധാനവും ഉപയോഗിക്കും. ജി.പി.എസ്. സംവിധാനത്തിൽ വാഹന ഉടമ ഓൺ ബോർഡ് യൂണിറ്റ് വെക്കേണ്ടിവരും. പുതിയ വാഹനങ്ങളിൽ ഈ സംവിധാനം നിർമാതാക്കൾ ഒരുക്കുന്നതടക്കം ചർച്ചയിലുണ്ട്. നമ്പർപ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ ഉപയോഗിച്ചുള്ള ടോൾപിരിവ് ചില ദേശീയപാതകളിൽ പരീക്ഷണാർഥം തുടങ്ങിയിട്ടുണ്ട്.
ക്യാമറ വഴി ടോൾ: കെൽട്രോണും വികസിപ്പിക്കും
നമ്പർപ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകൾ ഉപയോഗിച്ചുള്ള ടോൾപിരിവ് സംവിധാനം ഒരുക്കാൻ കെൽട്രോണും പഠനത്തിലാണ്. വാഹനത്തിന്റെ നമ്പർപ്ലേറ്റ് തിരിച്ചറിയുക വഴി ഇതിന്റെ ലൊക്കേഷനും മറ്റും രേഖപ്പെടുത്തുന്ന എ.എൻ.പി.ആർ. (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറ) വഴിയാണ് ഇത് സാധ്യമാക്കുക. കേരളത്തിലെ റോഡുകളിലെ എ.ഐ. ക്യാമറയുടെ സാങ്കേതിവിദ്യ കെൽട്രോണിന്റെതാണ്. ഇതിലെ ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ഇത് ടോൾ സംവിധാനത്തിലേക്കും കൊണ്ടുവരാനാണ് കെൽട്രോണിന്റെ ശ്രമം.
’വഴികൾ’ ഏറെ
കാസർകോടുമുതൽ തിരുവനന്തപുരംവരെ കേരളത്തിലൂടെ കടന്നുപോവുന്ന ദേശീയപാത-66 ലേക്ക് കയറാനും ഇറങ്ങാനും പരമാവധി ഒന്ന്-അഞ്ച് കിലോമീറ്ററിനുള്ളിൽ വഴിയുണ്ട്. ഒരുകിലോമീറ്റർമുതൽ അഞ്ചുകിലോമീറ്ററിനുള്ളിൽ ദേശീയപാതയും സർവീസ് റോഡും ബന്ധിപ്പിക്കും. ഇരുവശത്തുമുള്ള ഈ വഴികളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യാം.