ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം, മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം

0
72

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്താൽ മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം. മുംബൈയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിക്രം അശോക് ദേശ്മുഖ് ആണ് ക്രിക്കറ്റ് മൈതാനത്തുവച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആസാദ് മൈദാനിൽ വച്ചായിരുന്നു സംഭവം നടന്നത്.

ഐ.ടി. കമ്പനിയിൽ എഞ്ചിനീയറായ അശോഖ് ആസാദ് മൈദാനിയിൽ സ്ഥിരമായി ക്രിക്കറ്റ് പരിശീലനത്തിന് എത്താറുണ്ടായിരുന്നു. ഞായറാഴ്ച ഇരുപത്തിയഞ്ച് ഓവറിന്റെ പരിശീലനത്തിലായിരുന്നു അശോക്. പത്താം ഓവർ ആയതോടെ അശോകിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തിനിടയിലും അശോക് തുടർന്നുള്ള ആറ് ഓവറുകൾ കളിതുടർന്നു. പതിനേഴാം ഓവറിൽ വച്ചാണ് മൈതാനത്ത് കുഴഞ്ഞുവീണത്.

ഉടൻതന്നെ അശോകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും ഒരുവയസ്സുള്ള കുഞ്ഞുമുണ്ട്.

അടുത്തിടേയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോ​ഗസംബന്ധമായ രോ​ഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോ​ഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

മുൻകാലങ്ങളിൽ പ്രായമായവരിൽമാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതമരണങ്ങൾ മുപ്പതുകളിലും നാൽപതുകളിലും സാധാരണമാവുകയും ചെയ്തു. വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോ​ഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോ​ഗ്യം കാക്കാമെന്ന് വി​ദ​ഗ്ധർ പറയുന്നു.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here