പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
അപകടത്തിനു പിന്നാലെ കുട്ടികളെ പ്രദേശത്തെ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിച്ച മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. നാല് വിദ്യാര്‍ഥികളാണ് വണ്ടിക്കടിയില്‍ പെട്ടത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പാലക്കാട് കല്ലടിക്കോട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.