ആദ്യ ജോലിയുടെ ആദ്യദിനം തന്നെ മരണം; വേദനയായി കുർള ബസ്സപകടത്തിൽ മരിച്ച അഫ്‌റീൻ ഷാ

0
131

മുംബൈ: ഇന്ന് രാജ്യം ഉണർന്നത് മുംബൈ കുർളയിൽ നടന്ന ബസ് അപകടത്തിന്റെ വാർത്ത കേട്ടായിരുന്നു. ഏഴു പേർ മരിച്ച അപകടത്തിൽ 42 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽ വേദനയാവുകയാണ് 20കാരിയായ അഫ്‌റീൻ ഷായുടെ കഥ.

ആദ്യ ജോലിയിലെ ആദ്യദിനത്തെക്കുറിച്ച് പിതാവ് അബ്ദുൽ സലീം ഷായെ വിളിച്ച് സംസാരിച്ച് നിമിഷനേരത്തിനുള്ളിലാണ് നിയന്ത്രണം വിട്ട ബസ് അഫ്രീന്റെ ജീവനെടുത്തത്.

‘ഇന്ന് മകൾ ജോലിക്ക് ചേർന്ന് ആദ്യദിനമായിരുന്നു. ജോലിക്ക് ശേഷം കുർള റെയിൽവേ സ്‌റ്റേഷനിലേക്ക് മടങ്ങിയിരുന്നു അവൾ. 9.09ന് അവിടെ നിന്നാണ് അവൾ എന്നെ വിളിച്ചത്.’ മകളുടെ ജീവനെടുത്ത അപകടത്തെക്കുറിച്ച് സലീം ഷാ പറഞ്ഞു.

‘നടന്നു വരേണ്ട.. ഒരു ഓട്ടോ പിടിച്ചുവന്നാൽ മതി എന്ന് ഞാൻ അവളോട് പറഞ്ഞു. എന്നാൽ 9.45 ആയപ്പോൾ മകളുടെ ഫോണിൽ നിന്ന് വീണ്ടും എനിക്ക് ഫോൺ വരികയായിരുന്നു എന്നാൽ മകൾക്ക് പകരം ബാബ ആശുപത്രിയിലെ ജീവനക്കാരാണ് സംസാരിച്ചത്.’ സലീം ഷാ കൂട്ടിച്ചേർത്തു.

ആശുപത്രിയിലേക്ക് കുതിച്ച സലീം ഷാ മകളുടെ ജീവനറ്റ ശരീരമായിരുന്നു കണ്ടത്.

‘ആളുകൾക്ക് നടക്കാനാകാത്ത സ്ഥലമാണ് കുർള, മെട്രോ റെയിൽ നിർമാണപ്രവർത്തനങ്ങൾ കൊണ്ടും വഴിയോരക്കച്ചവടക്കാരുടെ തിരക്ക് കൊണ്ടും അനധികൃത പാർക്കിങ് കൊണ്ടും റോഡുകൾ നിറഞ്ഞിരിക്കുന്നു. അപകടത്തിനെതിരെ ശക്തമായ നടപടിയെടുക്കണം’ എന്നും സലീം ഷാ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുകയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here