വ്യവസായിയുടെ കൊലപാതകം: ‘ജിന്നുമ്മ’യടക്കം പ്രതികളിലേക്ക് വഴിതെളിച്ചത് കാണാതായ 596 പവൻ

0
173

കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് തെളിയുകയും പ്രതികളിലേക്കെത്തുകയും ചെയ്തത് കാണാതായ 596 പവനെക്കുറിച്ചുള്ള അന്വേഷണം. ഇരട്ടിപ്പിച്ചുനൽകാമെന്നുപറഞ്ഞ് വാങ്ങിയ 596 പവന്‍ തിരിച്ചുചോദിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

സംഭവത്തിൽ ഉദുമ മീത്തൽ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി ‘ജിന്നുമ്മ’ എന്ന കെ.എച്ച്. ഷമീന (38), ഇവരുടെ ഭർത്താവ് മധൂർ ഉളിയത്തടുക്കയിലെ ടി.എം. ഉബൈസ് (38), പൂച്ചക്കാട് മുക്കൂട് കീക്കാൻ സ്വദേശിനി അസ്‌നിഫ (34), മധൂർ കൊല്യ ഹൗസിൽ ആയിഷ (40) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഉബൈസ്, രണ്ടാം പ്രതി ഷമീന, മൂന്നാം പ്രതി അസ്‌നിഫ എന്നിവർക്കെതിരെ കൊലപാതകത്തിനും നാലാം പ്രതി ആയിഷക്കെതിരെ തെളിവുനശിപ്പിച്ചതിനുമാണ് കേസ്. ഉബൈസ്, അബ്‌ദുൽ ഗഫൂറിനെ ഭിത്തിയിലേക്ക് തള്ളി. തല ശക്തിയായി ഭിത്തിയിൽ ഇടിച്ചപ്പോൾത്തന്നെ അബ്‌ദുൽ ഗഫൂർ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. അന്നുതന്നെ മൃതദേഹം ഖബറടക്കി. പിറ്റേന്ന് മുതല്‍ ഗഫൂര്‍ ഹാജി വായ്‌പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ചോദിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വർണത്തിന്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് 596 പവന്‍ വാങ്ങിയതായി വ്യക്തമാവുകയും ചെയ്തു. ഇത് കണ്ടെത്താനായില്ല. ഇതേതുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഏപ്രിൽ 28ന് ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.

ഗഫൂർ ഹാജിയുടെ വീടുമായി ബന്ധമുള്ള സ്ത്രീയെയും അവരുടെ സുഹൃത്തിനെയും സംശയമുണ്ടെന്ന കാര്യവും മകന്റെ പരാതിയിലുണ്ടായിരുന്നു. എന്നാൽ, അന്വേഷണം ഗൗരവത്തിൽ മുന്നോട്ടുനീങ്ങിയില്ല. തുടർന്ന് കർമസമിതി രൂപവത്കരിക്കുകയും 10,000 പേരുടെ ഒപ്പുവാങ്ങി മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയുംചെയ്തു. ഇതിനിടെ അന്വേഷണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജോൺസന് കൈമാറി. തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here