സൈബർ തട്ടിപ്പുകളിൽ വിറച്ച് രാജ്യം, 2024ൽ മാത്രം കവർന്നത് 11,333 കോടി

0
92

2024 തുടങ്ങി ഒമ്പത് മാസങ്ങൾക്കിടെ ഇന്ത്യയിൽ സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 രൂപയെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

സ്റ്റോക്ക് വിപണിയിലെ തട്ടിപ്പുകളാണ് ഇവയിലെ സിംഹഭാഗവും. 2,28,094 കേസുകളിലെ കണക്ക് പ്രകാരം 4,636 കോടിയാണ് ഈ മേഖലയിൽ നഷ്ടമായിരിക്കുന്നത്. 3,216 കോടിയുമായി നിക്ഷേപത്തട്ടിപ്പാണ് ഏറ്റവും പണം കവർന്ന രണ്ടാമത്തെ തട്ടിപ്പുരീതി. 1,00,360 കേസുകളാണ് നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. സൈബർ തട്ടിപ്പുകളുടെ ഏറ്റവും പുതിയ രീതിയായ ഡിജിറ്റൽ അറസ്റ്റാണ് മൂന്നാമതായി ഏറ്റവും പണം കവർന്ന തട്ടിപ്പുരീതി. 63,481 തട്ടിപ്പുകളിൽ നിന്നും 1,616 കോടിയാണ് ഡിജിറ്റൽ അറസ്റ്റ് വഴി കവർന്നിരിക്കുന്നത്.

സർക്കാരിന്റെ സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 2024ൽ മാത്രം 12 ലക്ഷം സൈബർ തട്ടിപ്പ് പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 45 ശതമാനത്തോളവും തട്ടിപ്പുകളുടെ ഉറവിടം തെക്ക് കിഴക്കൻ രാജ്യങ്ങളായ ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവിടങ്ങളാണ്. 2021 മുതൽ മുപ്പത് ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികൾ പ്രകാരം നഷ്ടമായിരിക്കുന്നത് 27,914 കോടി രൂപയാണ്. ഇവയിൽ 11,31,221 പരാതികൾ 2023ലും 5,14,741 പരാതികൾ 2022ലും 1,35,242 പരാതികൾ 2021ലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടിവി പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഒരിന്ത്യൻ പൗരനെയും ഒരു ഗവൺമെന്റ് അന്വേഷണ ഏജൻസിയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വീഡിയോ കോളോ ഫോൺ കോളോ ചെയ്യുകയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമപ്രകാരം ഡിജിറ്റൽ അറസ്റ്റെന്ന നടപടിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

ചെക്കുകളും ക്രിപ്‌റ്റോ കറൻസിയും എടിഎമ്മുകളും ഇ വാലറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പ് പണം പിൻവലിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളിലൂടെ കവർന്ന പണം വെളുപ്പിക്കാനായി ഉണ്ടാക്കിയ 4.5 ലക്ഷം വ്യാജ ബാങ്ക് അക്കൗണ്ടുകൾ I4C ഈയടുത്ത് മരവിപ്പിച്ചിരുന്നു.

അടുത്തിടെ നടന്ന തീവ്രവാദ വിരുദ്ധ കോൺഫറൻസിൽ വിദേശ പണ എക്‌സ്‌ചേഞ്ചുകൾ, വിപിഎൻ, ഡിജിറ്റൽ വാലറ്റുകൾ, ക്രിപ്‌റ്റോ കറൻസികൾ എന്നിവയടക്കം സൈബർ തട്ടിപ്പുകൾക്ക് വഴിവെക്കുന്ന വിഷയങ്ങളെക്കുറിച്ച് I4C വിവരങ്ങൾ പങ്കുവെച്ചിരുന്നു. സൈബർ കുറ്റവാളികളുമായി ബന്ധിപ്പിച്ചിരുന്ന 17,000 വാട്‌സാപ്പ് അക്കൗണ്ടുകളും I4C നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here