യുപി സർക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാൻ രാഹുൽ ഗാന്ധി; ഒപ്പം പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എംപിമാരും

0
96

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ.

രാഹുൽ ഗാന്ധിയെ തടയാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ് അയൽ ജില്ലകൾക്ക് നിർദേശം നൽകി. അതിർത്തികളിൽ നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ സംഭലിലേക്ക് രാഹുൽ പുറപ്പെടാൻ ഇരിക്കെയാണ് സർക്കാർ നീക്കം.

ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ്‌ എംപിമാരും അനുഗമിക്കും.

രാഹുൽ ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയും അടങ്ങുന്ന കോൺഗ്രസ് എംപിമാരും ബുധനാഴ്ച സംഭൽ സന്ദർശിക്കുമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് അറിയിച്ചത്. കൂടാതെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയുമുണ്ടാകും. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.

ഷാഹി മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട് നവംബർ 24ന് സംഭലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലം സന്ദർശിക്കാനിരുന്ന മുസ്‍ലിം ലീഗ്, സമാജ്‍വാദി പാർട്ടി എംപിമാരെ നേരത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here