ട്രാഫിക് നിയമലംഘനം; ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുന്ന നടപടിയും ഇനി ഡിജിറ്റലായി

0
27

ഒറ്റപ്പാലം: നിയമലംഘനം കണ്ടെത്തിയാൽ ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുന്ന നടപടിയും ഇനി ഡിജിറ്റലായി. നവംബർ 20-ന് ഇത് പ്രാബല്യത്തിലായി. വാഹനം പരിശോധിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റലായി കാണിച്ചാൽ മതി എന്ന പരിഷ്കാരം വന്നതോടെയാണ് ലൈസൻസ് പിടിച്ചെടുക്കലും ഡിജിറ്റലാകുന്നത്.

ലൈസൻസ് പിടിച്ചെടുത്തതായി പരിവാഹൻ സംവിധാനത്തിൽ രേഖപ്പെടുത്തിയാണ് നടപടിയെടുക്കുക. ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ വാഹൻ-സാരഥി ഓൺലൈൻ സംവിധാനങ്ങളുടെ ഡേറ്റാബേസിൽ പൂർത്തിയായി.

പരിശോധനാസമയത്ത് ഡിജിറ്റൽ രേഖകളാണ് ഹാജരാക്കുന്നതെങ്കിൽ പിടിച്ചെടുക്കലും ഡിജിറ്റലായിരിക്കും. ഇ-ചലാൻ തയ്യാറാക്കിയാണ് രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തുക. പിന്നീട് പിഴയുൾപ്പെടെയുള്ള മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമേ ഇത് വിട്ടുകൊടുക്കുകയുള്ളൂ.

ഗുരുതര നിയമലംഘനങ്ങൾ നടത്തുമ്പോഴാണ് സാധാരണയായി ലൈസൻസ് പിടിച്ചെടുക്കാറുള്ളത്. ആളപായമുണ്ടാകുന്ന വലിയ അപകടങ്ങൾ സംഭവിക്കുമ്പോൾ നിരത്തിൽവെച്ചുതന്നെ ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കാറുണ്ട്. ശേഷം, നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യുകയോ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യും. ഇത്തരം ഘട്ടങ്ങളിൽ ഡ്രൈവർ ഡിജിറ്റൽരേഖ ഹാജരാക്കിയാൽ പിടിച്ചെടുക്കൽ നടപടി സ്വീകരിക്കാനാവില്ല. ഇതേത്തുടർന്നാണ് പിടിച്ചെടുക്കലും ഓൺലൈനാക്കിയത്.

നവംബർ ആറിനാണ് ഡ്രൈവിങ് ലൈസൻസ് കൈവശംവെക്കണമെന്ന നിബന്ധന തിരുത്തിയത്. ഇതനുസരിച്ച് എം. പരിവാഹൻ ആപ്പ് മുഖാന്തരമോ, ഡിജിലോക്കർ മുഖാന്തരമോ ഡിജിറ്റലായി ലൈസൻസ് കാണിച്ചാൽ മതി.

LEAVE A REPLY

Please enter your comment!
Please enter your name here