അബുദാബി: നാട്ടില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എൽ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം നിലവില്‍ വരുന്നത്. നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളിൽ പ്രത്യേക റീചാര്‍ജ് ചെയ്താൽ യുഎഇയിലും ഉപയോഗിക്കാനാകുമെന്ന് ബിഎസ്എൻഎൽ എക്സ് പ്ലാറ്റ്‍ഫോമില്‍ അറിയിച്ചു.
രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബിഎസ്എൻഎൽ നടപ്പാക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിന്, ആക്ടിവേഷനും എക്സറ്റന്‍ഷനുമായി 30 ദിവസത്തേക്ക് 57 രൂപയുടെയും പ്രീപെയ്ഡ് മൊബൈല്‍ ഇന്‍റര്‍നാഷണൽ റോമിങിനായി 90 ദിവസത്തേക്ക് 167 രൂപയുടെയും പ്രത്യേക റീചാര്‍ജ് പ്ലാനുകൾ ലഭ്യമാണ്. പ്രത്യേക റീ ചാര്‍ജ് ചെയ്യുന്നതിലൂടെ നാട്ടിലെ സിം കാര്‍ഡ് യുഎഇയിലും ഉപയോഗിക്കാം. കാര്‍ഡിന്റെ സാധുതയ്ക്ക് വേണ്ടിയാണ് പ്രത്യേക റീചാര്‍ജ് . കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യേണ്ടി വരും. മലയാളികള്‍ കൂടുതലുള്ള രാജ്യം ആയതിനാലാണ് യുഎഇയെ ഇതിനായി പരിഗണിച്ചത്.