സര്‍ക്കാരുദ്യോഗസ്ഥനല്ലാത്ത വരനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വിസമ്മതിച്ച് യുവതി. വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ പരസ്പരം വരണമാല്യം അണിഞ്ഞ ശേഷമായിരുന്നു വധുവിന്റെ പിന്‍മാറ്റം. തുടര്‍ന്ന് വിവാഹം ഉപേക്ഷിച്ച് വരന്റെ വീട്ടുകാര്‍ മടങ്ങി. ഉത്തര്‍പ്രദേശിലാണ് സംഭവം.
സര്‍ക്കാര്‍ ജോലിയില്ലെങ്കിലും 1.2 ലക്ഷം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന എന്‍ജിനീയറാണ് വിവാഹം മുടങ്ങിയ യുവാവ്. ഛത്തീസ്ഗഢിലെ ബല്‍റാംപുര്‍ സ്വദേശിയായ ഇദ്ദേഹത്തിന് നല്ലരീതിയില്‍ ഭൂസ്വത്തുമുണ്ട്. പക്ഷേ വധുവിന് ഇതൊന്നും വലിയ സമ്പത്തായി തോന്നിയില്ല. സര്‍ക്കാര്‍ ജോലിയില്ലാത്തയാള്‍ക്കൊപ്പം ജീവിക്കാനാകില്ലെന്ന് യുവതി വാശി പിടിച്ചതോടെ വിവാഹം ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല.
രാത്രിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ വധൂഗൃഹത്തിലായിരുന്നു വിവാഹവേദി. വിവാഹത്തിന്റെ ആദ്യഘട്ടച്ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് വരന് സര്‍ക്കാര്‍ ഉദ്യോഗമല്ലെന്ന വിവരം വധുവിന് ലഭിച്ചത്. തുടര്‍ന്ന് വിവാഹച്ചടങ്ങുകള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വധു അറിയിച്ചു.
ഇരുവീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതി സമ്മതിച്ചില്ല. വരന് സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നും അവര്‍ പറഞ്ഞുനോക്കി. വരന്റെ സാലറി സ്ലിപ് വരെ യുവതിയെ കാണിച്ചു. പക്ഷേ യുവതി വിവാഹത്തിനില്ലെന്ന കടുപിടിത്തത്തില്‍ തുടര്‍ന്നതോടെ വിവാഹം ഉപേക്ഷിച്ച് വരന്റെ സംഘം മടങ്ങി.