ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

0
6

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ വികസനസമിതി മേൽപ്പാലത്തിനായുള്ള സമരത്തിനിറങ്ങുകയാണ്. ദേശീയപാതയുടെ കിഴക്കുഭാഗത്ത് ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. നിർമാണം പൂർത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഷിറിയ കുന്നിൻപ്രദേശം തീർത്തും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും.

സ്വകാര്യ സ്കൂൾ, മദ്രസ, അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളും വിവിധ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ദേശീയപാതാ നിർമാണം കുട്ടികളുടെ സ്കൂൾ പഠനത്തെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഭൂമിശാസ്ത്രപരമായി അടിപ്പാത അനുവദിക്കാൻ നിർവാഹമില്ലാത്തതിനാൽ കിഴക്ക്-പടിഞ്ഞാറ് പ്രദേശം റെയിൽവേ പാത ഉൾപ്പെടുത്തി മേൽപ്പാലം നിർമിക്കണമെന്ന് നാട്ടുകാർ ദേശീയപാതാ സ്ഥലമേറ്റടുപ്പ് ഘട്ടത്തിൽത്തന്നെ ആവശ്യപ്പെട്ടിരുന്നു.

ദേശീയപാത ഉൾപ്പെടുത്തിയുള്ള മേൽപ്പാല നിർമാണം റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുമുണ്ടായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിയോഗിച്ച പ്രത്യേകസംഘം വർഷങ്ങൾക്ക് മുൻപ് സ്ഥലം സന്ദർശിച്ചിരുന്നു. വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടത്ര ഇടപെടൽ നടത്താത്തത് കാരണം ആവശ്യം പരിഗണിക്കാതെപോയി. മംഗൽപ്പാടി പഞ്ചായത്തിലെ 14, 15 വാർഡുകളിലായി ഷിറിയ വില്ലേജിൽ കിഴക്ക്-പടിഞ്ഞാറായി വ്യാപിച്ചുകിടക്കുന്നതാണ് ഷിറിയ പ്രദേശം.

ദേശീയപാതാ വികസനം പൂർത്തിയാകുന്ന മുറക്ക് മേൽപ്പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. കാലങ്ങളായി ആളുകൾ റെയിൽപ്പാളം മുറിച്ചുകടക്കാനുപയോഗിച്ചിരുന്ന വഴികൾ സമീപഭാവിയിൽ റെയിൽവേ അടക്കുന്നതോടെ പടിഞ്ഞാറുഭാഗത്തുള്ളവർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി ദേശീയപാതയിൽ എത്തേണ്ട സാഹചര്യമുണ്ടാകും.

പലയിടത്തും അടിപ്പാതകളും മേൽപ്പാലവും നിർമിക്കുമ്പോൾ ഏറെ ദുരിതം അനുഭവിക്കുന്ന ഷിറിയ പ്രദേശത്തെ മാത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

28-ന്‌ പ്രദേശത്തെ മുഴുവനാളുകളെയും ഉൾപ്പെടുത്തി പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഷിറിയ വികസനസമിതി ചെയർമാൻ കെ.എം. അബ്ബാസ് ഓണന്ത, ഷിറിയ സ്കൂൾ പി.ടി.എ. പ്രസിഡൻറ്‌ ഷാഫി സഅദി ഷിറിയ, ട്രഷറർ ഹനീഫ് ഷിറിയ, വൈസ് ചെയർമാൻ മഹമൂദ് ഹാജി, കൺവീനർ മഷൂദ് ഷിറിയ, ജലീൽ ഷിറിയ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here