ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക് 50 കോട വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച് രവികുമാർ രംഗത്തുവന്നത്.
കിറ്റൂർ എംഎൽഎ ബാബസാഹിബ് ഡി. പാട്ടീൽ, ചിക്കമംഗളൂരു എംഎൽഎ എച്ച്.ഡി തമ്മയ്യ എന്നിവരെ ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് രവികുമാർ പറഞ്ഞു. ഇതിെൻറ രേഖകൾ തെൻറ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസമയം, തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പാട്ടീലും തമ്മയ്യയും പറഞ്ഞു. തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്ന് ബിജെപിയും വെല്ലുവിളിച്ചു.
‘എംഎൽഎമാരെ വിലയ്ക്കുവാങ്ങി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിക്കണം. ഓപ്പറേഷൻ കമലയിൽ നമ്മുടെ എംഎൽഎമാർ വീഴില്ല. അവരുടെ ശ്രമങ്ങൾ തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. ഉചിതമായ സമയത്ത് ഞങ്ങളത് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടും’ -രവികുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ബിജെപിക്കെതിരെ നിരവധി ആരോപണങ്ങളാണ് വരുന്നത്. അവരുടെ നേതാക്കൾ ജയിലിൽ പോകുമോയെന്ന ഭയത്തിലാണ്. അതിനാൽ തന്നെ എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് അവരുടെ ശ്രമം. കഴിഞ്ഞ സർക്കാരിെൻറ കാലത്തുണ്ടാക്കിയ പണമുപയോഗിച്ച് ഈ സർക്കാരിനെ താഴെയിറക്കാനാണ് ശ്രമം. കൂടാതെ അവർക്ക് കേന്ദ്രത്തിൽനിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. ജെഡിഎസും അവരോടൊപ്പം ചേർന്നിരിക്കുകയാണ്. 50ഓളം എംഎൽഎമാരെയാണ് ബിജെപി വശീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, അവരാരും പാർട്ടി മാറില്ല, കാരണം അവർ അടിയുറച്ച കോൺഗ്രസുകാരാണ്’ -രാവികുമാർ കൂട്ടിച്ചേർത്തു.
കർണാടകയിൽ 135 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 66ഉം ജെഡിഎസിന് 19ഉം അംഗങ്ങളുണ്ട്.