മിര്‍സാപുര്‍: ബിജെപി എംപിയുടെ ഓഫീസ് സംഘടിപ്പിച്ച വിരുന്നില്‍ ആട്ടിറച്ചിയെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് സംഘര്‍ഷത്തില്‍. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഭദോഹിയില്‍ ബിജെപി എംപി വിനോദ് ബിന്ദിന്‍റെ ഓഫീസ് സംഘടിപ്പിച്ച വിരുന്നിലാണ് സംഘര്‍ഷമുണ്ടായത്. മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു കമ്മ്യൂണിറ്റി സമ്മേളനത്തിന്‍റെ ഭാഗമായ പരിപാടിയിൽ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള 250 ഓളം പേരാണ് പങ്കെടുത്തത്.
എംപിയുടെ ഡ്രൈവറുടെ സഹോദരൻ മട്ടൺ കഷണങ്ങൾക്ക് പകരം ഒരാൾക്ക് ഗ്രേവി മാത്രം നൽകിയതിനെത്തുടർന്നാണ് തര്‍ക്കം തുടങ്ങിയത്. വിളമ്പുന്നതിൽ അതൃപ്തനായ യുവാവ് അസഭ്യം പറയുകയും മട്ടൺ കഷണങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഭക്ഷണം വിളമ്പുന്നയാൾ യുവാവിനോട് മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി.
വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. തര്‍ക്കമെല്ലാം പരിഹരിച്ച് പിന്നീടാണ് വിരുന്ന് പുനരാരംഭിച്ചു. അയൽ ഗ്രാമത്തിൽ നിന്നുള്ള മദ്യപിച്ചെത്തിയ ഏതാനും വ്യക്തികളാണ് സംഘർഷമുണ്ടാക്കിയതെന്ന് എംപിയുടെ ഓഫീസ് ഇൻ-ചാർജ് ഉമാശങ്കർ ബിന്ദ് പറഞ്ഞു. 250 ഓളം പേര്‍ വിരുന്നിൽ പങ്കെടുത്തു. സ്ഥിതിഗതികൾ പരിഹരിച്ചതിന് ശേഷം സമാധാനപരമായി പിരിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.