തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ പ്രവൃത്തികൾ സംശയാസ്പദമെന്ന് പൊലീസ്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് സംശയം. പൊലീസിന് നൽകും മുൻപ് നാലുതവണ ഫോൺ ഫോർമാറ്റ് ചെയ്തു. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തത്.
ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്‌തത് കണ്ടെത്താനായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഫോറൻസിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഫോൺ ഫോർമാറ്റ് ചെയ്‌താണ് ഗോപാലകൃഷ്‌ണൻ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. ഹാക്ക് ചെയ്യപ്പെട്ടില്ലന്ന് മെറ്റയും അറിയിച്ചതായി കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.