കാക്കനാട്: ‘എന്താ ചേട്ടാ ഇത്, മകനെ ഡ്രൈവിങ് ടെസ്റ്റിന് കൊണ്ടുവരുമ്പോള്‍ അവനും ഹെല്‍മെറ്റ് വയ്ക്കേണ്ടെ? ഇതൊക്കെ പറഞ്ഞുതന്നിട്ടുവേണോ? അതൊക്കെപ്പോട്ടെ, ചേട്ടന്റെ ലൈസന്‍സ് എവിടെ?’ കാക്കനാട്ടെ ഗ്രൗണ്ടില്‍ മകനെ ഡ്രൈവിങ് ടെസ്റ്റിനായി സ്‌കൂട്ടറിലെത്തിച്ച പിതാവിനോട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചോദ്യമായിരുന്നു ഇത്. ‘അയ്യോ, എനിക്ക് ലൈസന്‍സില്ല…. ഞാനെടുത്തിട്ടില്ല…’
മറുപടി കേട്ട് ഉദ്യോഗസ്ഥന്‍ ഞെട്ടി. ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്നയാള്‍ക്ക് ലൈസന്‍സില്ല, എടുക്കാന്‍ വന്നയാള്‍ക്ക് ഹെല്‍മെറ്റുമില്ല. ആകെ അമ്പരന്ന ഉദ്യോഗസ്ഥന്‍ വാഹനം പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ല. പിന്നാലെ പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്ക് ‘ഫ്രീ ക്ലാസും 9,500 രൂപ പിഴയും എറണാകുളം ആര്‍.ടി.ഒ. ടി.എം. ജേഴ്സണ്‍ ചുമത്തി.
വെള്ളിയാഴ്ച രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ആന്റണി ഇരുചക്ര വാഹനത്തില്‍ മകനെ പിന്നിലിരുത്തിയാണ് വന്നത്. ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചതിന് 5000 രൂപ, പുക സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് ഇവയുടെ കാലാവധി കഴിഞ്ഞതിന് 4000, പിന്‍സീറ്റ് യാത്രക്കാരന് ഹെല്‍മെറ്റില്ലാതിരുന്നതിന് 500 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.