പൊയിനാച്ചി : തലസീമിയ അസുഖത്തെത്തുടർന്ന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി ചികിത്സയിൽ കഴിയുമ്പോൾ മരിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിനി എച്ച്.റമീസ തസ്ലിം (16) ആണ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്.
ബാര തൊട്ടി റമീസ വില്ലയിലെ ഹുസൈൻ കൊളത്തൂരിന്റെയും ഫാത്തിമത്ത് റസീനയുടെയും ഏക മകളാണ്. ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്ന ഹുസൈന്റെ പരാതിയിൽ ആസ്പത്രിക്കെതിരേ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ലക്ഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് റമീസയ്ക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.
സെപ്റ്റംബർ 10-ന് ആസ്പത്രി വിട്ടു. പിന്നീട് അഡീനോ വൈറസ് അണുബാധയെത്തുടർന്ന് കുട്ടിയെ 27-ന് വീണ്ടും ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അണുബാധ മൂർച്ഛിച്ചതിനെത്തുടർന്ന് മരുന്നുകൾ ഫലപ്രദമാകാത്തതിനാൽ നില വഷളാകുകയായിരുന്നു.
റമീസ തസ് ലിമിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി ബാരയിലെ വീട്ടിലെത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യോപചാരം അർപ്പിക്കാനെത്തി.