മെൽബൺ: കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽവരുമെന്നും ആൽബനീസ് പറഞ്ഞു.
16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ ഉപയോഗത്തിൽനിന്ന് എങ്ങനെ ഒഴിവാക്കാമെന്നതിന് എക്സും ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പ്രായോഗികവഴി കണ്ടെത്തണമെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ആവശ്യം. ആയിരക്കണക്കിന് രക്ഷിതാക്കളോട് സംസാരിച്ചെന്നും തന്നെപ്പോലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവരും ആധിയിലാണെന്നും ആൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയ നിർദേശിക്കുന്ന പ്രായപരിധിയെ മാനിക്കുന്നുവെന്ന് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റയുടെ സുരക്ഷാവിഭാഗം മേധാവി ആന്റിഗണി ഡേവിസ് പറഞ്ഞു. ആപ്പ് സ്റ്റോറുകളിൽ കൂടുതൽ ശക്തമായ ടൂളുകൾ കൊണ്ടുവരുകയും കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സൗകര്യമേർപ്പെടുത്തുകയുമാണ് ലളിതമായ പരിഹാരമെന്നും അവർ പറഞ്ഞു. ‘എക്സ്’ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ‘ടിക്‌ടോക്’ പ്രതികരിക്കാൻ വിസമ്മതിച്ചു.
കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ പല രാജ്യങ്ങളും കഷ്ടപ്പെടുമ്പോഴാണ് ഓസ്ട്രേലിയ നിയമം കൊണ്ടുവരുന്നത്. കുട്ടികളുടെ മൊബൈൽ, കംപ്യൂട്ടർ, ടി.വി. ഉപയോഗം നിയന്ത്രിക്കുന്നതിന് സെപ്റ്റംബറിൽ സ്വീഡൻ ചില നിർദേശങ്ങളിറക്കിയിരുന്നു.