ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, വിയറ്റ്നാം, ഇന്തോനേഷ്യ, ഉയർന്ന വരുമാനമുള്ള തെക്കുകിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യയുടെ ബാക്കി ഭാഗങ്ങൾ, പസഫിക്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് ഈ നഷ്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകജനസംഖ്യയുടെ 60ശതമാനം ഏഷ്യാ പസഫിക്കിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് അനുസരിച്ച് വിലയിരുത്തിയ രാജ്യങ്ങളിലും ഉപപ്രദേശങ്ങളിലും 2000 മുതൽ ആഗോള ഹരിതഗൃഹ വാതക പുറന്തള്ളൽ വർധിച്ചതിന് പ്രധാന കാരണം ഏഷ്യയിലെ വികസനമാണ്. വികസിത സമ്പദ്‌വ്യവസ്ഥകൾ 20ആം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളി. എന്നാൽ 21ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ വളർന്നുവരുന്ന ഏഷ്യ മറ്റേതൊരു ഭൂഭാഗത്തേക്കാളും അതിന്റെ ആക്കം കൂട്ടിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൽഫലമായി ആഗോള കാർബൺ ബഹിർഗമനത്തിൽ മേഖലയുടെ പങ്ക് 2000ലെ 29.4 ശതമാനത്തിൽ നിന്ന് 2021ൽ 45.9 ശതമാനമായി ഉയർന്നു. 2021ലെ ആഗോള കാർബൺ ബഹിർഗമനത്തിന്റെ 30 ശതമാനവും സംഭാവന ചെയ്‌തത് ചൈനയാണെന്നും എ.ഡി.ബി റിപ്പോർട്ട് പറയുന്നു.
വർധിച്ചുവരുന്ന തീവ്രമായ കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഈ മേഖലയിൽ കൂടുതൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. വനവിസ്തൃതി കുറക്കുന്നതിലൂടെ ഇതിന്റെ ഫലങ്ങൾ കൂടുതൽ വഷളാകും. പുതിയ കാലാവസ്ഥാ വ്യവസ്ഥകളെ നേരിടാൻ കഴിയാതെ വനങ്ങൾ നശിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 2070ഓടെ ഏഷ്യയിലും പസഫിക്കിലും നദികളിലെ വെള്ളപ്പൊക്കത്തിൽനിന്ന് ട്രില്യൺ കണക്കിന് ഡോളറിന്റെ വാർഷിക മൂലധന നാശം സംഭവിക്കുമെന്ന് പ്രമുഖ മോഡലുകൾ വെച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് നിലവിൽ പ്രതിവർഷം 110 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നു. ഏറ്റവും കൂടുതൽ ബാധിതരായ വ്യക്തികളും നാശനഷ്ടങ്ങളുടെ ചെലവും ഇന്ത്യയിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ പാർപ്പിട നഷ്ടങ്ങളാണ് പ്രധാനം.