ആര്‍സിബിയെ നയിക്കാന്‍ വിരാട് കോലി? സിറാജ് പുറത്ത്, രാഹുല്‍ വന്നേക്കും! നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ

0
23

ബെംഗളൂരു: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയത് മൂന്ന് താരങ്ങളെ മാത്രം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് അതില്‍ പ്രധാനി. 21 കോടിയാണ് ആര്‍സിബിക്കായി മുടക്കിയത്. രജത് പടിധാര്‍ (11 കോടി), യഷ് ദയാല്‍ (അഞ്ച് കോടി) എന്നിവരേയും ആര്‍സിബി നിലനിര്‍ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, കാമറൂണ്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടു. മൂന്ന് ആര്‍ടിഎം ഓപ്ഷന്‍ ആര്‍സിബിക്ക് ബാക്കിയുണ്ട്. 83 കോടി പേഴ്‌സില്‍ അവശേഷിക്കുന്നു. ഈ സീസണില്‍ വിരാട് കോലി ആര്‍സിബിയെ നയിക്കാനെത്തും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ട കെ എല്‍ രാഹുലിനെ തിരികെ ടീമിലെത്തിക്കാനും ടീമിന് പദ്ധതിയുണ്ട്.

അഞ്ച് താരങ്ങളെയാണ് ലഖ്‌നൗ നിലനിര്‍ത്തിയത്. നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മുഹസിന്‍ ഖാന്‍ (നാല് കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. രാഹുലിന് പുറമെ മാര്‍കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ ലഖ്‌നൗ കൈവിട്ടു. 69 കോടി ലഖ്‌നൗവിന്റെ പോക്കറ്റില്‍ ബാക്കിയുണ്ട്. അതേസമയം, പഞ്ചാബ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. ശശാങ്ക് സിംഗ് (5.5 കോടി, പ്രഭ്‌സിമ്രാന്‍ സിംഗ് (4 കോടി) എന്നിവരെ പഞ്ചാബ് കൈവിട്ടില്ല. ഇനി 110.5 കോടി പഞ്ചാബിന് ബാക്കിയുണ്ട്. അര്‍ഷ്ദീപ് സിംഗിനെ നിലനിര്‍ത്തിയില്ലെന്നുള്ളതാണ് ഒരു പ്രത്യേകത. ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവരേയും ടീം കയ്യൊഴിഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 23 കോടി മുടക്കി വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി) ട്രോവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീം കൈവിട്ടു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി. നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. ഒഴിവാക്കപ്പെട്ട പ്രധാനികളില്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരെ ഒഴിവാക്കി. ആര്‍ടിഎം ഓപ്ഷന്‍ ചെന്നൈക്ക് ബാക്കിയുണ്ട്. 65 കോടിയാണ് സിഎസ്‌കെയുടെ പേഴ്‌സില്‍ ബാക്കിയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here