എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി ഷെയ്ഖ് മുഹമ്മദ്

0
10

ദുബൈ: എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2025 മുതല്‍ 2027 വരെ ദുബായ് 302 ബില്യന്‍ ദിര്‍ഹം വരുമാനം നേടുമെന്നും 272 ബില്യന്‍ ദിര്‍ഹം ചെലവിന് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതാദ്യമായി 21 ശതമാനം പ്രവര്‍ത്തന മിച്ചം കൈവരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ വികസന പദ്ധതികള്‍ക്കുമാണ് ബജറ്റിലെ ഊന്നല്‍. ദുബൈയുടെ സാമ്പത്തിക സുസ്ഥിരത അടയാളപ്പെടുത്തുന്നതു കൂടിയാണ് ബജറ്റ്.

ദുബൈയുടെ ഭാവി പ്രതീക്ഷകള്‍ വരച്ചു കാണിക്കുന്ന ബജറ്റില്‍ 21 ശതമാനം അധികവരുമാനം പ്രതീക്ഷിക്കുന്നു. ആദ്യമായാണ് ഇത്രയധികം അധിക വരുമാനം ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. റോഡുകള്‍, പാലങ്ങള്‍, ഊര്‍ജം, അഴുക്കുചാല്‍ ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് 46 ശതമാനം തുകയാണ് ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, കമ്യൂണിറ്റി സേവനം തുടങ്ങിയവയ്ക്ക് മുപ്പത് ശതമാനവും വകയിരുത്തി. സുരക്ഷാ, നീതി വിഭാഗങ്ങള്‍ക്കായി പതിനെട്ട് ശതമാനവും.

സാമ്പത്തിക സുസ്ഥിരതയോടെയാണ് ദുബൈ ഭാവിയിലേക്ക് നീങ്ങുന്നതെന്ന് ബജറ്റ് പ്രഖ്യാപിക്കവെ ശൈഖ് മുഹമ്മദ് പറഞ്ഞു. വമ്പന്‍ പുരോഗതി വാഗ്ദാനം ചെയ്യുന്നതാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടം നേരത്തെ വിഭാവനം ചെയ്ത ദുബൈ സ്ട്രാറ്റജിക് പ്ലാന്‍ 2030, ദുബൈ എകണോമിക് അജണ്ട ഡി33 പദ്ധതികളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ബജറ്റ്.

ഈ മാസം ആദ്യം 2025 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഫെഡറല്‍ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 71.5 ബില്യണ്‍ ദിര്‍ഹം ചെലവും അത്ര തന്നെ വരുമാനവും കണക്കാക്കുന്നതായിരുന്നു ഫെഡറല്‍ ബജറ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here