ലഖ്‌നൗ: വരുന്ന ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിക്കോളാസ് പുരാന്‍ നയിക്കും. 18 കോടിക്ക് താരത്തെ നിലനിര്‍ത്താന്‍ ധാരണയായി. ലഖ്‌നൗവിന്റെ ആദ്യ പരിഗണന പുരാനാണ് നല്‍കുന്നത്. രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, ആയുഷ് ബധോനി എന്നിവരേയും ലഖ്‌നൗ നിലനിര്‍ത്തും. ഇതോടെ കെ എല്‍ രാഹുല്‍ ഫ്രാഞ്ചൈസി വിടുമെന്ന് ഉറപ്പായി. താരം ഐപിഎല്‍ മെഗാ ലേലത്തിനുണ്ടാവും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ പ്രധാനമായും ശ്രമിക്കുക.
ഐപിഎല്‍ 2025 ല്‍ ടീമിനെ നയിക്കുക പുരാനായിരിക്കുമെന്ന് ലഖ്‌നൗ ആയിട്ട് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ”പുരാനില്‍ വിശ്വാസം പ്രകടിപ്പിക്കാന്‍ ഫ്രാഞ്ചൈസി തയ്യാറാണ്. കഴിഞ്ഞ വര്‍ഷവും അദ്ദേഹം ക്യാപ്റ്റനായിരുന്നു, കൂടാതെ ദേശീയ ടീമിനെ നയിച്ചതിന്റെ അനുഭവവും അദ്ദേഹത്തിനുണ്ട്. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം തുടരും. അദ്ദേഹത്തെ കൂടാതെ പേസര്‍ മായങ്ക് യാദവ, സ്പിന്നര്‍ രവി ബിഷ്ണോയി എന്നിവരെ നിലനിര്‍ത്താനും തീരുമാനിച്ചു.” ലഖ്‌നൗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
2023ല്‍ 16 കോടി രൂപയ്ക്കാണ് അദ്ദേഹം ലഖ്‌നൗവിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ രാഹുലിന്റെ അഭാവത്തില്‍ നേതൃപാടവവും അദ്ദേഹം പ്രകടമാക്കി. മായങ്കിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് ലഖ്‌നൗവിനെ ആകര്‍ഷിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ 150 മണിക്കൂറില്‍ കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഐപിഎല്‍ 2024 ലെ നാല് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. പിന്നീട് പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. എങ്കിലും തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യയുടെ ടി20 ടീമിലം ഇടം നേടി. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ ലഖ്‌നൗ ടീമിലെത്തിച്ചിരുന്നത്.
2022ലെ മെഗാ ലേലത്തില്‍ അണ്‍ക്യാപ്ഡ് കളിക്കാരനായിട്ടായിരുന്നു രവി ബിഷ്ണോയിയെ നിലനിര്‍ത്തിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ലഖ്‌നൗ. 2022ലും 2023ലും പ്ലേഓഫിലെത്താന്‍ ലഖ്‌നൗ പ്ലേ ഓഫിലെത്തുമ്പോള്‍ ബിഷ്‌ണോയിയുടെ പങ്ക് നിര്‍ണായകമായിരുന്നു.