ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് നടൻ വിജയ്‍യുടെ മാസ് എൻട്രി. വില്ലുപുരത്ത് നടക്കുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) ആദ്യ സംസ്ഥാന പൊതുസമ്മേളനത്തിനു പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. വന്‍ തിരക്കില്‍ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
വിഴുപ്പുറം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് നാലു മണിയോടെയാണ് ആകാംക്ഷയോടെ കാത്തിരുന്ന പതിനായിരങ്ങൾക്കു നടുവിലേക്ക് വിജയ് സിനിമാ സ്റ്റൈലിൽ കൈവീശി എത്തിയത്. 60 അടിയുള്ള റാമ്പിലൂടെ മുന്നോട്ടു നടന്ന് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. 110 അടിയുള്ള കൊടിമരത്തിനു മുകളിൽ ടിവികെയുടെ പാർട്ടി പതാക ഉയർത്തി. പാർട്ടിയുടെ നയപ്രഖ്യാപനവും വേദിയിൽ നടക്കും.
2024 ഫെബ്രുവരി രണ്ടിനായിരുന്നു തമിഴക വെട്രി കഴകം എന്ന പേരിൽ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലാണ് ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനുശേഷമായിരുന്നു അംഗീകാരം. ആഗസ്റ്റിലാണ് പാർട്ടി പതാക പുറത്തുവിട്ടത്. മഞ്ഞയും ചുവപ്പുനിറങ്ങളിൽ നടുവിൽ ആനകളും വാകപ്പൂവും ആലേഖനം ചെയ്തതാണു പതാക.