മുംബൈ: യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി.
ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധിയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ നിര്‍ദേശിച്ചു.
യുപിഐ വെര്‍ച്വര്‍ വിലാസം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ പ്രൊസസിങ് ഇന്റര്‍ഫേസുകള്‍ സാമ്പത്തികേതര ഇടപാടുകള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ ഉപയോഗിക്കാനാകില്ല. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എന്‍പിസിഐ വ്യക്തമാക്കുന്നു. യുപിഐ ഇടപാടുകള്‍ക്കുള്ള എന്‍പിസിഐ ശൃംഖലകള്‍ വഴി വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉപഭോക്താക്കളുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും പരിശോധിക്കാന്‍ സൗകര്യമുണ്ട്.