തിരുവനന്തപുരം: കോടികൾ നൽകി മറ്റുപാർട്ടികളിലുള്ള ജനപ്രതിനിധികളെ അടർത്തിയെടുക്കാൻ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളത്തിലും നീക്കം നടന്നതായി റിപ്പോർട്ട്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് എൻ.സി.പി (ശരദ് പവാർ) എം.എൽ.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എം.എൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തതത്രെ.
ഇതേതുടർന്നാണ് തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
കഴിഞ്ഞതിനു മുൻപത്തെ നിയമസഭ സമ്മേളനകാലത്ത് എം.എൽ.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയാണ് ഇരുവർക്കും കോടികൾ വാഗ്ദാനം നൽകിയതത്രെ. തോമസിന് മന്ത്രി പദവി നൽകാത്തതിൽ എൻ.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ മുഖംതിരിച്ച സമയമായിരുന്നു അത്. ശരദ് പവാറും അജിത് പവാറും പിളർന്നപ്പോൾ എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കുതിരക്കച്ചവട ശ്രമം. മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എൻ.സി.പിയുടെ ആവശ്യം തള്ളാൻ ഇടയാക്കിയത്.
വാഗ്ദാനം ലഭിച്ച വിവരം പിണറായി അന്വേഷിച്ചപ്പോൾ ആന്റണി രാജു സ്ഥിരീകരിച്ചു. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എൽ.ഡി.എഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതുവിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നൽകിയതായും അറിയിച്ചു. ‘മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചു. ഞെട്ടിക്കുന്ന ചില വിവരങ്ങൾ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. തൽക്കാലം കൂടുതൽ പറയാനില്ല’ -അദ്ദേഹം പറഞ്ഞു. എന്നാൽ, തോമസ് കെ. തോമസ് ചർച്ച നടത്തുകയോ വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ലെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞു.
അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും തോമസ് കെ. തോമസും പ്രതികരിച്ചു. ‘50 കോടി വീതം വാഗ്ദാനം ചെയ്യാൻ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റിൽ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്’ -തോമസ് പറഞ്ഞു.