കാസർകോട് : ഉപതിരഞ്ഞെടുപ്പിന് പാലക്കാട് നിയോജകമണ്ഡലത്തിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇടതുക്യാമ്പിലേക്ക് പോയ ഡിജിറ്റൽ മീഡിയാസെൽ കൺവീനർ പി.സരിന് മറുപടിയുമായി കോൺഗ്രസിൽനിന്ന് മുൻപ് പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയയുടെ സാമൂഹികമാധ്യമ പോസ്റ്റ്.
‘തിരുത്താൻ കഴിയാത്ത തെറ്റാണ് സരിൻ ചെയ്തിരിക്കുന്നതെ’ന്ന് പോസ്റ്റിൽ പറയുന്നു. ‘കോൺഗ്രസിൽനിന്ന് പുറത്താക്കിയതിൽ ചിലപ്പോഴെല്ലാം ചില വിങ്ങലുകളുണ്ടെങ്കിലും മനസ്സാക്ഷിക്കുവേണ്ടി മനസ്സിൽ കോൺഗ്രസായി തുടരുകയാണെ’ന്നും അദ്ദേഹം ഒാർമ്മിപ്പിക്കുന്നു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്ക്കാരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് കെ.പി.സി.സി. അംഗമായിരുന്ന ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാലുപേരെ ജൂണിൽ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
പാലക്കാട്ടെ സ്ഥാനാർഥിനിർണയത്തെക്കുറിച്ച് കടുത്ത വിമർശം ഉന്നയിച്ചതിനുപിന്നാലെ കോൺഗ്രസ് സരിനെയും പുറത്താക്കിയിരുന്നു.
‘പ്രിയപ്പെട്ട സരിൻ, ഞാൻ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ആളാണെന്ന കാര്യം താങ്കൾക്കറിയാമല്ലോ. 13 വർഷം എന്റെ സ്ഥാപനത്തിൽ ജോലിചെയ്ത സുഹൃത്തിന്റെ അനുജന്റെ കല്യാണത്തിൽ അവന് ഷേക്ക് ഹാൻഡ് കൊടുത്തുവെന്നതായിരുന്നു കുറ്റം.
ചിലർക്കുണ്ടായിരുന്ന വ്യക്തിപരമായ അജൻഡയിൽ അവരെന്റെ പാർട്ടിജീവനെടുത്തു. ഞാൻ രാഷ്ട്രീയമായി അനാഥനായി. ഔദ്യോഗികമേൽവിലാസമില്ലെങ്കിലും ഞാൻ കോൺഗ്രസുകാരനായി ജീവിക്കുന്നു.
തിരുത്താൻ കഴിയാത്ത ഒരു തെറ്റാണ് സരിൻ താങ്കൾ ചെയ്തിരിക്കുന്നത്. കോൺഗ്രസ് ഒരു ശ്വാസമാണ്. അതിനെ മരണദിനംവരെ നിശ്ചലമാക്കാൻ ആർക്കും കഴിയില്ല. ആശ്വാസമറ്റുപോകുന്നത് ജീവൻ വെടിയുന്നതിന് തുല്യമാണ്’ -കുറിപ്പിൽ പറയുന്നു.
മുൻപ് വിമർശിച്ചവർ ഇപ്പോൾ ബാലകൃഷ്ണൻ പെരിയയെ പ്രകീർത്തിച്ച് പോസ്റ്റിന് കമന്റുകളിടുന്നുണ്ട്.