പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ ബന്തിയോട് സ്വകാര്യ ആസ്പത്രിക്കെതിരേ ഡോക്ടർ രംഗത്ത്

0
44

കുമ്പള : മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിൽ ബന്തിയോട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ആസ്പത്രിക്കെതിരേ ഗുരുതര ആരോപണവുമായി കുഞ്ചത്തൂരിലെ ഡോക്ടർ കെ.എ. ഖാദർ രംഗത്ത്.

പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് 10 വർഷത്തോളമായി ബന്തിയോട്-പെർമുദെ പൊതുമരാമത്ത് പാതയോരത്ത് അടുക്കയിൽ ആസ്പത്രി പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. അനുമതിയില്ലാത്ത സ്ഥാപനം കാണിച്ച് ബായാറിലെ ഒരു വ്യക്തി നിരവധിപ്പേരിൽനിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ചു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒന്നരവർഷത്തിനിടെ രണ്ട് ഘട്ടങ്ങളിലായി 75 ലക്ഷം രൂപ തന്റെ പക്കൽനിന്ന് കൈപ്പറ്റിയെന്ന് ഡോക്ടർ കെ.എ. ഖാദർ ആരോപിച്ചു.

കുമ്പളയിലെ ഒരു പ്രമുഖ അഭിഭാഷകന്റെ നേതൃത്വത്തിൽ പരിചയമുള്ള രണ്ടുപേർ മുഖേനയാണ് പണം കൈമാറിയത്. ഉയർന്ന തോതിൽ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പലരിൽനിന്നായി കോടികൾ തട്ടിയെടുത്തത്. പണം തിരിച്ചുകിട്ടാൻ പലരും നിയമപോരാട്ടത്തിലാണ്. ഇതിനിടെ ആസ്പത്രി വിൽപ്പന നടത്താനുള്ള ശ്രമവും മറുഭാഗത്ത് നടക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടപ്പോഴാണ് 2020 മുതൽതന്നെ ആസ്പത്രി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന കാര്യം അറിഞ്ഞത്. വർഷങ്ങൾക്കുമുൻപുതന്നെ ആസ്പത്രി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് പരാതി ലഭിച്ചതായും പഞ്ചായത്ത് നടപടിയെടുത്തില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നതായും കുമ്പളയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഡോക്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here