പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം; ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസ്

0
107

ഗസിയാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുപി ഗസിയാബാദ് ദസ്‍നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു. സെപ്തംബർ 29ന് ഗസിയാബാദിലെ ഹിന്ദിഭവനില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു നരസിംഹാനന്ദിന്‍റെ വിദ്വേഷ പ്രസംഗം.

“എല്ലാ ദസറയിലും കോലം കത്തിക്കേണ്ടി വന്നാൽ നിങ്ങള്‍ മുഹമ്മദിൻ്റെ കോലം കത്തിക്കുക.” എന്നാണ് പുരോഹിതന്‍ പറഞ്ഞത്. നരസിംഹാനനന്ദയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. യതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള #arrest_Narsinghanand ഹാഷ് ടാഗുകള്‍ എക്സില്‍ വ്യാപകമായി. ഏകേദശം 123,000 ഉപയോക്താക്കളാണ് ഈ ഹാഷ് ടാഗ് ഉപയോഗിച്ചത്. വിദ്വേഷ പ്രസംഗത്തിന്‍റ വീഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ബിഎൻഎസ് സെക്ഷൻ 302 (മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈറലായ വിദ്വേഷ പ്രസംഗത്തിൻ്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതായി സിഹാനി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സച്ചിൻ കുമാർ പറഞ്ഞു.

മുഹമ്മദ് നബിക്കെതിരായ നരസിംഹാനന്ദിൻ്റെ അപകീർത്തികരമായ പരാമർശങ്ങളെ അപലപിക്കുകയും അദ്ദേഹത്തിനെതിരെ ഉടൻ നടപടിയെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡൻ്റ് മൗലാന മഹമൂദ് മഅ്ദനി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. “യതി നരസിംഹാനന്ദിൻ്റെ മതനിന്ദ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കുക. ഈ വിദ്വേഷ പ്രസംഗം സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയാണ്. ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ മതങ്ങളോടും സമാധാനമായി വര്‍ത്തിക്കുന്നതിനും ബഹുമാനവും നിലനിർത്തുന്നതിന് ഉടനടി നിയമനടപടി സ്വീകരിക്കണമെന്നും വീഡിയോ നീക്കം ചെയ്യണമെന്നും. ” മഅ്ദനി ആവശ്യപ്പെട്ടു. ഗസിയാബാദ് കമ്മീഷണര്‍ അജയ് കുമാര്‍ മിശക്ക് അയച്ച കത്തിന്‍റെ പകര്‍പ്പും എക്സില്‍ പങ്കുവച്ചിരുന്നു.

നിരവധി പേരാണ് പുരോഹിതനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. “ഇപ്പോൾ കുറച്ചുകാലമായി മുസ്‍ലിംകള്‍ക്കെതിരെ വലിയ തോതിൽ തെറ്റായ പ്രസ്താവനകൾ ഉണ്ടാകുന്നു . ഇത് ഇന്ത്യയുടെ അടിസ്ഥാന ആശയത്തിന് എതിരാണ്. ഈ രാജ്യം ഹിന്ദുക്കളുടേത് പോലെ മുസ്‍ലിംകളുടേതുമാണ്. നരസിംഹാനന്ദിനെയും അദ്ദേഹത്തെ പോലെ വിദ്വേഷ പരാമര്‍ശം നടത്തുന്ന എല്ലാവരെയും സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

വിവാദ പ്രസ്താവനകളിലൂടെയും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് യതി നരസിംഹാനന്ദ. 2022ല്‍ ഹരിദ്വാറില്‍ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായിരുന്നു. 2021 ഡിസംബറിൽ നടന്ന ഹരിദ്വാർ ധർമ സൻസദിലാണ് മതന്യൂനപക്ഷങ്ങൾക്കെതിരെ അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്. വിദ്വേഷ പ്രസംഗങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ജാമ്യത്തിലിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷവും അദ്ദേഹം വിദ്വേഷ പ്രസംഗങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് നടന്ന ധര്‍മ സന്‍സദില്‍ വച്ചും മുസ്‍ലിം വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്‌ട്രമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു യതി നരസിംഹാനന്ദിന്‍റെ വിവാദ പ്രസ്‌താവന. 2023 ഏപ്രിലില്‍ ‘അഖണ്ഡ ഹിന്ദു രാഷ്ട്രം’ എന്ന ആശയത്തെ മക്ക വരെയെത്തിക്കണമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ‘അഖണ്ഡ ഹിന്ദു രാഷ്ട്രം വീർ സവർക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ സ്വപ്‌നം അഫ്ഗാനിസ്ഥാനിൽ വരെയായി ചുരുക്കരുത്. നാം കഠിനമായി അധ്വാനിച്ച് ഹിന്ദുത്വ ആശയത്തെ മക്ക വരെയും കഅ്ബ വരെയും എത്തിക്കണം’ എന്നാണ് യതി പറഞ്ഞു.

2022ല്‍ ജനുവരിയില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ കൊലവിളി പ്രസംഗവും വിവാദമായിരുന്നു. ഹിന്ദുക്കൾ ആയുധമെടുക്കണമെന്നും രാജ്യത്ത് ഒരു മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാകുകയാണെങ്കിൽ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നുമായിരുന്നു നരസിംഹാനന്ദയുടെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here