കൊച്ചി(www.mediavisionnews.in): യഥാർഥ ഉടമസ്ഥരോ റജിസ്ട്രേഷനോ ഇല്ലാത്ത വിദേശനിർമിതമായ ഇരുപതോളം വിലകൂടിയ ബൈക്കുകളും പതിനഞ്ചോളം ആഡംബര കാറുകളും കേരളത്തിലുണ്ടെന്ന വിവരത്തെ തുടർന്നു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 2003നും 2009നും ഇടയിൽ വിദേശത്തു നിന്നെത്തിച്ച വാഹനങ്ങളിൽ പെട്ട ഇവ കേരളത്തിലെ നിരത്തുകളിലുണ്ടെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തിയത്.
വീസ റദ്ദാക്കി മടങ്ങുന്ന പ്രവാസികൾക്കു തീരുവയിളവുകൾ നൽകുന്ന ‘ട്രാൻസ്ഫർ ഓഫ് റസിഡൻസ്’ ആനുകൂല്യം ദുരുപയോഗിച്ചാണ് 50 ലക്ഷത്തിലധികം രൂപ വിലയുള്ള ആഡംബര കാറുകൾ ഇന്ത്യയിലെത്തിച്ചതെന്നു ഡിആർഐ കണ്ടെത്തിയിരുന്നു. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരുടെ പാസ്പോർട്ട് വിശദാംശങ്ങളും ദുരുപയോഗം ചെയ്തവയിൽ പെടും.
20 ലക്ഷത്തിലധികം രൂപ വിലയുള്ള ബൈക്കുകൾ പല ഭാഗങ്ങളാക്കിയ ശേഷം കള്ളക്കടത്തു നടത്തുകയും പിന്നീട് ഇന്ത്യയിൽ വച്ചു കൂട്ടിച്ചേർക്കുകയും ചെയ്യുകയായിരുന്നുവെന്നും കണ്ടെത്തി.മിക്ക വാഹനങ്ങളും മഹാരാഷ്ട്രയിലെ പെൻ റായിഗഡ് ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തവയാണ്. ദുരുപയോഗിച്ച പാസ്പോർട്ട് ഉടമകളുടെ പേരിലാണു കാറുകളെങ്കിലും മേൽവിലാസം നിലവിലില്ലാത്തതാണെന്നും വ്യക്തമായി. ബൈക്കുകളുടെ കാര്യത്തിൽ േപരും മേൽവിലാസവുമെല്ലാം വ്യാജമാണെന്നും തെളിഞ്ഞു.