സൂപ്പർഫാസ്റ്റായി സ്വർണവിലയുടെ കുതിപ്പ്; 2024ൽ കൂടിയത് 10,000 രൂപയിലേറെ, 1925ൽ പവന് 13.75 രൂപ!

0
85

സമീപ വർഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള വിലക്കുതിപ്പുമായി സ്വർണം. ഈ വർഷം ജനുവരി മുതൽ ഇതുവരെ പവന് കൂടിയത് 10,880 രൂപയാണ്. ഗ്രാമിന് 1,360 രൂപയും. ജനുവരിയിലെ ഏറ്റവും കുറഞ്ഞവില പവന് 45,920 രൂപയും ഗ്രാമിന് 5,740 രൂപയുമായിരുന്നു. ഇതാണ് ഇന്ന് പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലും എത്തിനിൽക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയാണിത്.

2023ലെ ജനുവരി-സെപ്റ്റംബർ കാലയളവിൽ സ്വർണ വില പവന് 3,240 രൂപ മാത്രമാണ് കൂടിയത്; ഗ്രാമിന് 405 രൂപയും. ജനുവരിയിൽ 40,360 രൂപയായിരുന്ന പവൻ വില ആ വർഷം സെപ്റ്റംബറോടെ എത്തിയത് 43,600 രൂപയിൽ. 5,045 രൂപയായിരുന്ന ഗ്രാം വില 5,450 രൂപയുമായി. 2022ലെ ജനുവരി-സെപ്റ്റംബർ കാലയളവിൽ പവൻ വിലയിൽ വർധന വെറും 1,040 രൂപയായിരുന്നു. ഗ്രാമിന് 130 രൂപയും. 35,600 രൂപയായിരുന്ന പവൻ വില 36,640 രൂപയിൽ എത്തിയപ്പോൾ ഗ്രാം വില രേഖപ്പെടുത്തിയ വർധന 4,450 രൂപയിൽനിന്ന് 4,580 രൂപയിലേക്ക്. മറ്റൊരു കൗതുകം നിലവിൽ ഗ്രാമിന് 7,100 രൂപയാണ് വില; 2007ൽ പവന് 7,000 രൂപയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.

17 വർഷങ്ങൾക്കിപ്പുറം ഗ്രാം വില 7,000 രൂപ കടന്നപ്പോൾ പവൻ കുതിച്ചുകയറിയത് 56,000 രൂപയ്ക്കു മുകളിലേക്ക്. ഇനിയൊരു മധുരപ്പതിനേഴ് വർഷങ്ങൾ പിന്നിടുമ്പോൾ എത്രയായിരിക്കും പവൻ, ഗ്രാം വിലകൾ? എന്തായാലും, സംസ്ഥാനത്ത് സ്വർണ വില വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞ ചരിത്രം അപൂർവമാണ്. ഓരോ വർഷം പിന്നിടുമ്പോഴും വില കൂടുന്നതാണ് ട്രെൻഡ്. 1925ൽ പവന് 13.75 രൂപയേ വിലയിലുണ്ടായിരുന്നുള്ളൂ. 1945ൽ 45.49 രൂപ. 1970ൽ ആദ്യമായി 100 രൂപ കടന്നു. 1975ൽ 396 രൂപ. 2,493 രൂപയായിരുന്നു 1990ൽ. 2000ൽ 3,212 രൂപ; 2010ൽ 12,280 രൂപ. 19,760 രൂപയായിരുന്നു 2015ൽ. 2020ൽ 32,000 രൂപയും.

എന്തുകൊണ്ട് സ്വർണ വില കുതിക്കുന്നു?

രാജ്യാന്തര, ആഭ്യന്തര സാമ്പത്തിക രംഗത്തെ മാറ്റങ്ങളാണു സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പുറമേ, ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന വിശേഷണവും സ്വർണത്തിനുണ്ട്. കഴിഞ്ഞയാഴ്ചയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ അരശതമാനം ബമ്പർ ഇളവു നടപ്പാക്കിയത്. ഇതോടെ ഡോളർ ദുർബലമായി. യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (യുഎസ് ട്രഷറി യീൽഡ്) അനാകർഷകവുമായി. നിക്ഷേപകർ ഇവയെ കൈവിട്ട് മികച്ച നേട്ടം (റിട്ടേൺ) കിട്ടുന്ന ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്കു നിക്ഷേപം മാറ്റാൻ തുടങ്ങി. ഇതു രാജ്യാന്തര തലത്തിൽ വില വർധനയ്ക്കു വഴിവച്ചു.

ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്കു സ്വർണം വാങ്ങിക്കൂട്ടുന്നതും ഇന്ത്യയടക്കമുള്ള മുൻനിര ഉപഭോഗ രാജ്യങ്ങളിൽ സ്വർണാഭരണ ഡിമാൻഡ് വർധിച്ചതും വിലക്കുതിപ്പിന് ആക്കംകൂട്ടി. യുദ്ധ സാഹചര്യങ്ങളും സ്വർണ നിക്ഷേപങ്ങളിലേക്കു പണമൊഴുകാൻ വഴിയൊരുക്കും. ഇസ്രയേൽ – ഹിസ്ബുല്ല പോര് കടുക്കുന്നതും സ്വർണത്തിനാണു നേട്ടമാകുന്നത്.

സ്വർണപ്പണയത്തിനും വലിയ പ്രിയം

സ്വർണ വില കൂടിയതോടെ സ്വർണപ്പണയ വായ്പകൾക്കും ഡിമാൻഡ് കൂടി. പണയം വച്ച് കൂടുതൽ തുക കിട്ടുന്നതും അതുപയോഗിച്ചു സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനാകുമെന്നതാണു പലരെയും സ്വർണവായ്പ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ‌ ഇൻക്ലൂഷൻ) ശക്തമായതും എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതും സ്വർണപ്പണയ വായ്പകളെ പ്രിയമുള്ളതാക്കുന്നു.

2019-20 മുതൽ 2023-24 വരെ മാത്രം ശരാശരി 25% വാർഷിക വളർച്ചയാണ് സ്വർണപ്പണയ വായ്പകളിലുണ്ടായതെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ ബാങ്കുകളുടെ സ്വർണ വായ്പകൾ 26 ശതമാനവും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലേത് (എൻബിഎഫ്സി) 18 ശതമാനവും വളർന്നു. കാർഷികാവശ്യത്തിനുള്ള സ്വർണപ്പണയ വായ്പകളും 26% വർധിച്ചു. രാജ്യത്തെ മൊത്തം സ്വർണപ്പണയ വായ്പകളിൽ 63 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. നടപ്പുവർഷം സ്വർണ വായ്പകളുടെ മൂല്യം 10 ലക്ഷം കോടി രൂപ കടക്കുമെന്നും 2027ഓടെ അത് 15 ലക്ഷം കോടി രൂപയാകുമെന്നും ഇക്ര വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here