മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും അഞ്ച് താരങ്ങളെ നിലിര്‍ത്താന്‍ അനുവാദം നല്‍കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതുസംബന്ധിച്ചുള്ള നിര്‍ണായക തീരുമാനം ബിസിസിഐ വൈകാതെ പുറത്തുവിടും. എന്നാല്‍ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്.
2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. കഴിഞ്ഞ തവണത്തെപ്പോലെ ഐപിഎല്‍ താരലേലം ഇത്തവണയും കടല്‍കടക്കും. താരലേലം ദുബായ്, അബുദാബി, ദോഹ എന്നിവടങ്ങളില്‍ ഒരിടത്ത് ആയിരിക്കുമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയിരിക്കുന്ന സൂചന. ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍.
അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ അവസരം ലഭിക്കുന്നത് മുംബൈ ഇന്ത്യന്‍സിന് അനുഗ്രഹമാകും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരെ ടീമിനൊപ്പം നിലനിര്‍ത്താന്‍ മുംബൈക്കാവും. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സസ് നായകന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം രവീന്ദ്ര ജഡേജയെയും പതിരാനയെയും നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. മുന്‍ നായകന്‍ എം എസ് ധോണിയെ ചെന്നൈ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.
വിരമിച്ച കളിക്കാരെ അണ്‍ ക്യാപ്ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ചെന്നൈയുടെ ആവശ്യത്തെ ടീം ഉടമകളുടെ യോഗത്തില്‍ മറ്റ് ടീമുകള്‍ എതിര്‍ത്തിരുന്നു. ഒന്നില്‍ കൂടുതല്‍ വിദേശ താരങ്ങലെ നിലനിര്‍ത്താന്‍ അനുവദിക്കുമോ എന്നും കണ്ടറിയേണ്ട കാര്യമാണ്.