കാസര്‍കോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. വാരിയെല്ലിന് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1987 ലാണ് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കുഞ്ഞിക്കണ്ണന്‍ മത്സരിച്ചത്. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാസര്‍കോട് ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കേരഫെഡ് ചെയര്‍മാനായും കുഞ്ഞിക്കണ്ണൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. കുഞ്ഞമ്പു പൊതുവാളിൻ്റെയും കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. ഭാര്യ: കെ.സുശീല.