കാസർകോട് : ഉപ്പള പത്വാടിയിലെ വീട്ടിൽനിന്ന് പിടിച്ച കോടികളുടെ രാസലഹരിയെത്തിച്ചത് ബെംഗളൂരുവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ പ്രതിയായ മഞ്ചേശ്വരം ബായാറിലെ ബാളൂർ വില്ലേജ് പരിധിയിൽപ്പെട്ടയാൾ. പോലീസ് അറസ്റ്റുചെയ്ത അസ്കർ അലി നൽകിയ മൊഴിപ്രകാരമുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. രണ്ടുവർഷം മുൻപ് എൻ.സി.ബി. ലഹരിക്കേസിൽ അറസ്റ്റ് ചെയ്തയാളാണ് രാസലഹരിയുൾപ്പെടെ വലിയ പൊതിയിലെത്തിച്ചത്. ഇയാൾ ഒട്ടേറെ ലഹരിക്കേസുകളിൽ പ്രതിയാണെന്നും വിവരം ലഭിച്ചു.
അതേസമയം വലിയ അളവിലുള്ള ലഹരിവസ്തുക്കൾ അസ്കർ അലിക്ക് നേരിട്ട് കൈമാറിയതല്ല. ഉപ്പളയിലെ മാളിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച ശേഷം സന്ദേശം നൽകുകയും അസ്കർ സ്വന്തം വാഹനത്തിൽ പോയി ശേഖരിക്കുകയുമായിരുന്നു. വീട്ടിൽവെച്ച് ചെറുപൊതികളാക്കി വിതരണം ചെയ്യുകയായിരുന്നു രീതി. അസ്കർ അലിയുടെ വീട്ടിൽനിന്ന് ചെറുപൊതികളാക്കിയ 3.4 കിലോ എം.ഡി.എം.എ., 96.96 ഗ്രാം കൊക്കെയിൻ, 640 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളികകൾ എന്നിവയാണ് പിടിച്ചത്. മൊഴിപ്രകാരം ഒന്നരക്കിലോയോളം രാസലഹരി അസ്കർ വില്പന നടത്തിയിട്ടുണ്ട്.
അസ്കറും ലഹരി എത്തിച്ചയാളും തമ്മിൽ ബന്ധപ്പെടുന്നത് പ്ലേ സ്റ്റോറിലെ ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്. പോലീസ് പിന്നാലെ വരാതിരിക്കാനാണ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നത്. ഇയാൾക്ക് വേണ്ടി ഹവാല ഇടപാടിന് സഹായിയായി നിന്നിട്ടുണ്ട്. അക്കൗണ്ടിൽ അയക്കുന്ന പണം പിൻവലിച്ച് വിതരണം ചെയ്യുകയായിരുന്നു രീതി. പിന്നീടാണ് ലഹരിവില്പനയിലേക്ക് തിരിഞ്ഞത്.
വിതരണത്തിന് സന്ദേശം വരും, പണമിടപാട് നേരിട്ട്
എം.ഡി.എം.എ., കഞ്ചാവ് എന്നിവയ്ക്കായി ബന്ധപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസ്കറിന് അറിയില്ല. ലഹരിമരുന്നുകൾ തനിക്ക് എത്തിച്ചയാൾ നൽകുന്ന സന്ദേശത്തിലെ ലൊക്കേഷനിലേക്ക് സ്കൂട്ടറിൽ പോയാണ് വിതരണം. ഇടയ്ക്ക് കാറും ഉപയോഗിച്ചിരുന്നു. പണമുൾപ്പെടെ കൈകാര്യം ചെയ്യുന്നത് അവർ നേരിട്ടാണ്. വാങ്ങുന്നയാൾ ആരാണെന്നുൾപ്പെടെ അറിയില്ല. അടുത്ത ദിവസങ്ങളിലാണ് വലിയ അളവിൽ രാസലഹരി അസ്കറിന്റെ കൈവശമെത്തിയതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒന്നരക്കിലോയോളം വിറ്റു പോയി. ബി.കോം. ബിരുദധാരിയായ അസ്കർ, ഇ.എം.ഐ. അടവിന് വേണ്ടിയാണ് ഇതിലേക്ക് തിരിഞ്ഞതെന്ന് മൊഴി നൽകി. മുഖ്യകണ്ണിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.