കാന്‍ബറ: പ്രായപൂര്‍ത്തിയാകാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള ട്രയല്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയ ഒരുങ്ങുന്നത്.
സോഷ്യല്‍ മീഡിയ സമൂഹത്തില്‍ വലിയ തോതില്‍ ദോഷങ്ങളുണ്ടാക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ആന്റണി ആല്‍ബനീസ് നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിലൂടെ കുട്ടികള്‍ അവരുടെ സുഹൃത്തുക്കളില്‍ നിന്നും ജീവിതത്തിന്റെ യഥാര്‍ത്ഥ്യത്തില്‍ നിന്നും അകലുന്നുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ആശങ്കാകുലരുമാണെന്നും ആല്‍ബനീസ് വ്യക്തമാക്കിയിരുന്നു.
2023 ഒക്ടോബര്‍ മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് ഓസ്ട്രേലിയ നിരോധിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ നടന്ന യൂഗോവ് സര്‍വേ പ്രകാരം, 18 വയസ് തികയാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിരോധിക്കണമെന്ന ശുപാര്‍ശയെ ഓസ്ട്രേലിയയിലെ 61 ശതമാനം ആളുകളും പിന്തുണച്ചിരുന്നു.
വലതുപക്ഷ ലിബറല്‍ പാര്‍ട്ടി തലവനും പ്രതിപക്ഷ നേതാവുമായ പീറ്റര്‍ ഡട്ടണും പ്രസ്തുത ശുപാര്‍ശയ്ക്ക് പിന്തുണ നല്‍കിയിരുന്നു. അതേസമയം ഓസ്ട്രേലിയയിലെ ഒരു വിഭാഗം നിയമജ്ഞര്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്നതിന് പകരം, പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നടപടി സ്വീകരിക്കണമെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നപ്ലാറ്റ്ഫോമുകള്‍ക്ക് പിഴ ചുമത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച് ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഡീപ്ഫേക്ക് ഉള്ളടക്കങ്ങള്‍, കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍, കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ ചുമത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, തെറ്റായ പ്രചരണം നടത്തുന്നവരെ തടയുന്നതില്‍ പരാജയപ്പെട്ട പ്ലാറ്റ്ഫോമുകള്‍കള്‍ക്കെതിരെ അവരുടെ വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി ചുമത്താം. ഇതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ മസ്‌ക് ഫാസിസ്റ്റ് ഭരണകൂടമെന്ന് വിളിച്ചത്.