‘സ്‌പാം കോളുകളേ വിട, എന്നന്നേക്കും വിട’; നിര്‍ണായക ചുവടുവെപ്പുമായി എയര്‍ടെല്‍, മറ്റ് കമ്പനികള്‍ക്ക് കത്തെഴുതി

0
85

മുംബൈ: രാജ്യത്ത് സ്‌പാം കോള്‍/മെസേജ് രഹിത സേവനം ഒരുക്കുന്നതില്‍ ടെലികോം കമ്പനികളുടെ കൂട്ടായ പ്രയത്നത്തിന് ഭാരതി എയര്‍ടെല്ലിന്‍റെ ശ്രമം. ഇത് സംബന്ധിച്ച് റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ (വിഐ), ബിഎസ്എന്‍എല്‍, ടാറ്റ ടെലിസര്‍വീസ് തുടങ്ങിയ കമ്പനികളുടെ തലവന്‍മാര്‍ക്ക് ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ കത്തെഴുതി. കോര്‍പ്പറേറ്റ് കണക്ഷനുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പരസ്‌പരം കൈമാറുന്നത് വഴി അത്തരം നമ്പറുകളുടെ ദുരുപയോഗം തടയാനാകുമെന്ന് വിറ്റല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇക്കാര്യത്തില്‍ ആദ്യ ചുവടുവെപ്പ് നടത്താന്‍ എയര്‍ടെല്‍ തയ്യാറാണ്, കോര്‍പ്പറേറ്റ് നമ്പറുകള്‍ ഉപയോഗിക്കുന്ന കമ്പനികളുടെ പേരും ആക്റ്റീവ് നമ്പറുകളും എല്ലാ മാസവും കൈമാറാന്‍ എയര്‍ടെല്‍ ഒരുക്കം. ടെലികോം വ്യവസായത്തില്‍ വര്‍ധിക്കുന്ന യുസിസി (Unsolicited Commercial Communications) ഭീഷണികള്‍ മറികടക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണ്. നമ്മുടെ ഉപഭോക്താക്കളെ ഇത്തരം സ്‌പാം കോളുകളിലും മെസേജുകളിലും നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. ഒറ്റതിരിഞ്ഞുള്ള ശ്രമങ്ങള്‍ക്ക് പകരം എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ചേര്‍ന്ന് യോജിച്ച പ്രവര്‍ത്തനം ഇതിനായി നടത്തേണ്ടതുണ്ട് എന്നാണ് ഞങ്ങള്‍ കരുതുന്നത്. തങ്ങളുടെ നെറ്റ്‌വര്‍ക്ക് സ്‌പാമര്‍മാര്‍, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് കണക്ഷനുകളിലൂടെ ദുരുപയോഗം ചെയ്യുന്നില്ല എന്നുറപ്പാക്കാന്‍ എല്ലാ കമ്പനികളും പരിശ്രമിക്കണം’- എന്നും ഭാരതി എയര്‍ടെല്‍ സിഇഒ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

റിലയന്‍സ് ജിയോ എംഡി പങ്കജ് പവാര്‍, വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര, ബിഎസ്എന്‍എല്‍ സിഎംഡി റോബര്‍ട്ട് രവി, ടാറ്റ ടെലിസര്‍വീസ് എംഡി ഹര്‍ജിത് സിംഗ് ചൗഹാന്‍ എന്നിവരെ അഭിസംബോധന ചെയ്‌താണ് ഗോപാല്‍ വിറ്റലിന്‍റെ കത്ത്. സ്‌പാം കോളുകളും മെസേജുകളും നിയന്ത്രിക്കാന്‍ ടെലികോം സേവനദാതാക്കള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ടെലികോം മന്ത്രാലയവും ട്രായിയും അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന 350,000 മൊബൈല്‍ നമ്പറുകളാണ് രണ്ടാഴ്‌ചയ്ക്കിടെ ബ്ലോക്ക് ചെയ്‌തത്.

ഇന്ത്യയില്‍ ഒരു ദിനം 1.5 മുതല്‍ 1.7 വരെ ബില്യണ്‍ കൊമേഴ്സ്യല്‍ മെസേജുകള്‍ അയക്കപ്പെടുന്നു എന്നാണ് ഇന്‍ഡസ്ട്രി ഡാറ്റകള്‍ വ്യക്തമാക്കുന്നത്. അതായത് ഒരു മാസം 55 ബില്യണാണ് (5500 കോടി) ഇത്തരം മെസേജുകളുടെ എണ്ണം. 10ല്‍ 6 പേര്‍ക്ക് മൂന്നോ അതിലധികമോ സ്കാം കോളുകള്‍ ഒരു ദിവസം ലഭിക്കുന്നുണ്ടെന്നാണ് കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ലോക്കല്‍ സര്‍ക്കിലിന്‍റെ സര്‍വെ പറയുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ഫോണ്‍ കോളുകളും. ഇതിന് പുറമെ ഒരു ദിവസം മൂന്നോ അതിലധികമോ സ്പാം മെസേജുകള്‍ ലഭിക്കുന്നതായി 76 ശതമാനം മൊബൈല്‍ ഉപഭോക്താക്കളും വെളിപ്പെടുത്തുന്നുമുണ്ട്. നമ്പറുകള്‍ എത്ര ബ്ലോക്ക് ചെയ്താലും ഈ സങ്കീര്‍ണ പ്രശ്‌നം അവസാനിക്കുന്നില്ല എന്നതാണ് വസ്‌തുത.

LEAVE A REPLY

Please enter your comment!
Please enter your name here