33 ബോളിൽ സെഞ്ചുറി, 45 പന്തിൽ 139 റൺസ്; ഞെട്ടിച്ച് വിഷ്ണു വിനോദ്, സ്വപ്ന പ്രകടനം കേരള ക്രിക്കറ്റ് ലീഗിൽ

0
95

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ പന്ത്രണ്ടാം ദിവസത്തെ രണ്ടാമത്തെ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. കാര്യവട്ടം സ്റ്റേഡിയത്തില്‍ വിഷ്ണു വിനോദ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂർ ടൈറ്റൻസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.

ആലപ്പി ടീം മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറില്‍ മറികടന്നാണ് തൃശൂര്‍ ജയം സ്വന്തമാക്കിത്. തൃശൂരിനായി ഓപ്പൺ ചെയ്ത വിഷ്ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ അടിച്ചു കൂട്ടിയത് 139 റണ്‍സായിരുന്നു. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടത്തിനും വിഷ്ണു വിനോദ് അര്‍ഹനായി. 33 പന്തില്‍ നിന്ന് 12 സിക്‌സും നാലു ഫോറും ഉള്‍പ്പെടെയാണ് സെഞ്ചുറി സ്വന്തമാക്കിയത്. 13 -ാം ഓവറിലെ രണ്ടാം പന്തില്‍ വിഷ്ണുവിനെ ടി കെ അക്ഷയ് ആനന്ദ് ജോസഫിന്റ കൈകളിലെത്തിച്ചപ്പോള്‍ തൃശൂരിന്റെ സ്‌കോര്‍ 180 ലെത്തിയിരുന്നു. വിഷ്ണുവാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടിയ തൃശൂര്‍ ആലപ്പിയെ ബാറ്റിംഗിന് അയച്ചു. ആലപ്പി റിപ്പിള്‍സിന്റെ ഓപ്പണര്‍മാര്‍ തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിന്‍ നിശ്ചിത 20 ഓവറില്‍ റിപ്പിള്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില് 181 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ – കൃഷ്ണപ്രസാദ് കൂട്ടുകെട്ട് 14 ഓവറില്‍ 123 റണ്‍സ് ആലപ്പിയുടെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ആലപ്പി സ്‌കോര്‍ 17.1 ഓവറില്‍ 150 ല്‍ നിൽക്കെ ക്യാപ്റ്റന്‍ അസ്ഹറുദീനെ നഷ്ടമായി. 53 പന്തില്‍ നിന്ന് ആറു സിക്‌സറുകളും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 90 റണ്‍സെടുത്ത അസ്ഹറുദീനെ മോനു കൃഷ്ണയുടെ പന്തില്‍ വരുണ്‍ നായനാര്‍ പിടിച്ച് ഡ്രസിംഗ് റൂമിലേക്ക് അയച്ചു. നീല്‍ സണ്ണി( പൂജ്യം), അതുല്‍ ഡയമണ്ട് (20), അക്ഷയ് ചന്ദ്രന്‍ (ഒന്ന്) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 181 എന്ന നിലയില്‍ ആലപ്പിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

182 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ഓപ്പണര്‍മാരായ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും സ്വപ്‌നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. എട്ട് ഓവറില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യത്തെ പിരിക്കാന്‍ കഴിഞ്ഞത്. 10 ഓവര്‍ പിന്നിട്ടപ്പോള്‍ തൃശൂര്‍ സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന നിലയില്‍. പിന്നീട് മൂന്ന് ഓവറിനുള്ളില്‍ തൃശൂര്‍ വിജയം സ്വന്തമാക്കി. അക്ഷയ് മനോഹര്‍(16), അഭിഷേക് പ്രതാപ് (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here