ഉപ്പള : ടൗണിലെ വിവിധ അപ്പാർട്ട്മെന്റുകളിൽനിന്ന് റോഡിലേക്കും പൊതു ഓടയിലേക്കും മലിനജലം ഒഴുക്കിവിട്ട് പരിസര മലിനീകരണം സൃഷ്ടിച്ചതിന് ഫ്ളാറ്റ് ഉടമകൾക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തി.
സോക്ക് പിറ്റ് നിറയുമ്പോൾ പൈപ്പ് വഴി പൊതു ഓടയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നിയമലംഘന വ്യാപ്തി അനുസരിച്ച് 20,000 രൂപ വീതമാണ് പിഴയിട്ടത്. സൂപ്പർമാർക്കറ്റിനോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് ഉടമയിൽനിന്ന് 10,000 രൂപ തത്സമയ പിഴയും ഈടാക്കി.
മലിനജലം സംസ്കരിക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും അഞ്ചുദിവസത്തിനകം സോക്ക് പിറ്റുകൾ സ്ഥാപിക്കണമെന്നും നിർദേശം നൽകി. ഫ്ളാറ്റുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും അസമയത്ത് നിയമലംഘനങ്ങൾ നടത്തുന്നത് കണ്ടെത്താൻ മുഴുവൻസമയ പരിശോധന നടത്തുമെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ കെ.വി.മുഹമ്മദ് മദനി, സ്ക്വാഡ് അംഗങ്ങളായ ഒ.പി.വിനേഷ് കുമാർ, ഇ.കെ.ഫാസിൽ എന്നിവർ പങ്കെടുത്തു.