ന്യൂഡല്‍ഹി(www.mediavisionnews.in): എംഎല്‍എ സ്ഥാനത്ത് നിന്നും കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ സുപ്രീംകോടതി അനുമതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം.
കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഇതിനായി തീയതി നിശ്ചയിച്ച് വാദം കേള്‍ക്കണമെന്നും കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി നിരസിച്ചു.
ഒരു തിരഞ്ഞെടുപ്പ് കേസ് വന്നാല്‍ സാധാരണ സുപ്രീംകോടതി പാലിക്കുന്ന നടപടികള്‍ ഇങ്ങനെയാണ്. കെ.എം.ഷാജിയുടെ കേസിലും അതു തന്നെ തുടരും. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവൊന്നും സുപ്രീംകോടതി പുറപ്പെടുവിച്ചില്ല. സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എംഎൽഎ ആയിരിക്കാൻ ആണോ ആഗ്രഹിക്കുന്നതെന്നും നടപടികള്‍ക്കിടെ ഷാജിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്
വാക്കാല്‍ ചോദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നേരത്തെ കെഎം ഷാജി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ സമയപരിധി നാളെ അവസാനിക്കുകയാണ്. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്.